'തലകീഴായി തൂക്കിലേറ്റുമെന്ന ഭീഷണി'; ഡല്‍ഹിയിലെ സിജെപി യോഗത്തിന് തടസമുണ്ടാക്കിയെന്ന് നേതൃ ആരോപണം

ഡല്‍ഹിയില്‍ സംഘടിപ്പിക്കാനിരുന്ന കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) പ്രവര്‍ത്തകരുടെ യോഗം ബിജെപി തടയാന്‍ ശ്രമിക്കുകയാണെന്ന് പാര്‍ട്ടി നേതാവ് അഭിജിത് ദീപ്‌കെ ആരോപിച്ചു. യോഗത്തിനായി ഹാള്‍ ലഭിക്കാതിരുന്നതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമാണെന്നും അദ്ദേഹം പറഞ്ഞു.

സിജെപി വളണ്ടിയര്‍മാരുടെ യോഗത്തിനായി ഹാള്‍ അനുവദിക്കാന്‍ പല ഉടമകളെയും സമീപിച്ചെങ്കിലും ആരും തയ്യാറായില്ലെന്ന് അഭിജിത് ദീപ്‌കെ വ്യക്തമാക്കി. ഹാള്‍ നല്‍കരുതെന്ന സമ്മര്‍ദം തങ്ങള്‍ക്കുമേല്‍ ഉണ്ടെന്നാണ് ഉടമകള്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഒടുവില്‍ ഏറെ ശ്രമങ്ങള്‍ക്കൊടുവില്‍ ഒരു ഹാള്‍ ലഭിച്ചെങ്കിലും, യോഗദിവസം രാവിലെ ഹാള്‍ ഉടമകള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചതായും ദീപ്‌കെ ആരോപിച്ചു. സിജെപി യോഗം നടത്താന്‍ അനുവദിച്ചാല്‍ തലകീഴായി തൂക്കിലേറ്റുമെന്നാണ് സന്ദേശത്തില്‍ പറഞ്ഞിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇത്തരത്തിലുള്ള നടപടികള്‍ക്ക് പിന്നില്‍ ബിജെപിയാണെന്നും രാജ്യത്തെ യുവാക്കളെ ബിജെപി ഭയപ്പെടുന്നതിന്റെ തെളിവാണ് ഇതെന്നും അഭിജിത് ദീപ്‌കെ ആരോപിച്ചു. ഭീഷണികളും സമ്മര്‍ദങ്ങളും ഉപയോഗിച്ച് സിജെപിയെ പിന്തിരിപ്പിക്കാമെന്ന് കരുതുന്നവര്‍ക്ക് തെറ്റിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

12-Aug-2026