സ്ഥലംമാറ്റത്തിൽ മാനദണ്ഡങ്ങൾ തകർന്നു’; സർക്കാർ നടപടികൾക്കെതിരെ പിണറായി വിജയന്റെ വിമർശനം
അഡ്മിൻ
സർക്കാരിന്റെ അന്യായമായ സ്ഥലംമാറ്റ നയങ്ങൾ മൂലം പതിനായിരക്കണക്കിന് ജീവനക്കാർ ബുദ്ധിമുട്ടുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. അന്യായ സ്ഥലംമാറ്റങ്ങൾ ജീവനക്കാരെ എങ്ങനെ ബാധിക്കുന്നുവെന്നതിന്റെ ദാരുണ ഉദാഹരണമാണ് ഹെൽത്ത് ഇൻസ്പെക്ടർ ദീപലേഖയുടെ മരണമെന്നും അദ്ദേഹം പറഞ്ഞു.
എഫ്എസ്ടിഇഒയുടെ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പിണറായി വിജയൻ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. “ഇത് ഒരു സാധാരണ പ്രക്ഷോഭമല്ല. സംസ്ഥാനത്ത് നിലനിൽക്കുന്ന ഗുരുതരമായ ദുരവസ്ഥയാണ് ജീവനക്കാരെ പ്രതിഷേധത്തിനിറക്കിയത്. ദീപലേഖ ഉൾപ്പെടെ നിരവധി പേർ അന്യായ സ്ഥലംമാറ്റങ്ങളുടെ ഇരകളായി മാറി,” അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ പത്ത് വർഷമായി വ്യക്തമായ മാനദണ്ഡങ്ങൾ അനുസരിച്ചായിരുന്നു ജീവനക്കാരുടെ സ്ഥലംമാറ്റമെന്ന് ചൂണ്ടിക്കാട്ടിയ പിണറായി, നിലവിൽ ആ മാനദണ്ഡങ്ങൾ മുഴുവൻ ഉപേക്ഷിച്ചിരിക്കുകയാണെന്ന് ആരോപിച്ചു. “ഇഷ്ടമുള്ളവരെ ഇഷ്ടമുള്ളിടത്തേക്ക് മാറ്റാമെന്ന അധികാര അഹങ്കാരമാണ് ഇപ്പോൾ നടക്കുന്നത്. സിവിൽ സർവീസിൽ നിലനിന്നിരുന്ന നല്ല അന്തരീക്ഷം ഇതിലൂടെ തകർന്നിരിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.
പരാതികൾ ഉന്നയിച്ചിട്ടും ബന്ധപ്പെട്ട അധികാരികൾ പ്രതികരിക്കാൻ തയ്യാറായില്ലെന്നും പിണറായി ആരോപിച്ചു. പരിയാരം മെഡിക്കൽ കോളജിൽ ഡോ. രാധാമണിയെ രോഗികളുടെ മുന്നിൽവെച്ച് അപമാനിച്ച സംഭവവും അദ്ദേഹം പരാമർശിച്ചു. “ഇവർ ആരും തെറ്റ് ചെയ്തവരല്ല. അധികാരത്തിന്റെ ഹുങ്ക് പ്രയോഗിക്കുകയാണ്,” അദ്ദേഹം വിമർശിച്ചു.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തന്നെ ഭരണാനുകൂല സംഘടനകൾ സ്ഥലംമാറ്റം ചെയ്യേണ്ട ജീവനക്കാരുടെ പട്ടിക തയ്യാറാക്കിയിരുന്നുവെന്നും പിണറായി ആരോപിച്ചു. സ്ഥലംമാറ്റങ്ങളുമായി ബന്ധപ്പെട്ട മരണങ്ങളും പരാതികളും സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.