‘വന്ദേമാതരം പൂർണമായി പാടണമെന്ന് കേന്ദ്രനിയമത്തിൽ ഇല്ല’; മുഖ്യമന്ത്രിക്കെതിരെ പി. രാജീവ്

വന്ദേമാതരം പൂർണമായും പാടണമെന്ന് കേന്ദ്രനിയമത്തിൽ എവിടെയും പറയുന്നില്ലെന്ന് പി. രാജീവ് ആരോപിച്ചു. ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്നും, മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം അത് വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

“ആർഎസ്എസിന്റെ സർസംഘചാലക് പോലും പറയാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി പറയുന്നത്. ചീഫ് സെക്രട്ടറി ബിജെപി ഏജന്റാണോ? മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാതെയാണോ ഇത്തരമൊരു ഉത്തരവ് അയക്കുന്നത്?” എന്നും പി. രാജീവ് ചോദിച്ചു.

മെറ്റ പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. കേരള സർക്കാർ നേരിട്ട് ആവശ്യപ്പെട്ടാണോ, അതോ കേന്ദ്രസർക്കാരിന്റെ ഇടപെടലിലൂടെയാണോ മെറ്റയ്ക്ക് കത്ത് നൽകിയതെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് മെറ്റ നടപടിയെടുക്കാറുള്ളതെന്നും, കത്ത് നൽകിയ വ്യക്തിയെ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

എംഡിഎംഎ കേസുമായി ബന്ധപ്പെട്ടും പി. രാജീവ് മുഖ്യമന്ത്രിയെ വിമർശിച്ചു. പ്രതികളെ നവകേരള സദസ് കാലത്താണ് പരിചയപ്പെട്ടതെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെങ്കിലും, അതിന് മുമ്പേ ഇരുവരുമൊത്തുള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട വിശദീകരണം മുഖ്യമന്ത്രി നൽകണമെന്നും പി. രാജീവ് ആവശ്യപ്പെട്ടു.

13-Aug-2026