തേക്കിൻകാട് മൈതാനിയിൽ ഡിവൈഎഫ്ഐ പൊതുയോഗത്തിന് അനുമതി നിഷേധിച്ചു
അഡ്മിൻ
തേക്കിൻകാട് മൈതാനി രാഷ്ട്രീയ പാർട്ടികളുടെ പരിപാടികൾക്ക് വിട്ടുനൽകരുതെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ, ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പൊതുയോഗം നടത്താൻ നൽകിയ അപേക്ഷ കൊച്ചിൻ ദേവസ്വം ബോർഡ് നിരസിച്ചു. നിലവിലെ കോടതി ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിൽ മൈതാനം അനുവദിക്കാനാകില്ലെന്ന് ബോർഡ് അറിയിച്ചതോടെ പൊതുയോഗ വേദി അരണാട്ടുകരയിലെ നേതാജി ഗ്രൗണ്ടിലേക്ക് മാറ്റിയതായി സിപിഎം നേതൃത്വം അറിയിച്ചു.
ഹൈക്കോടതി വിധി ദേവസ്വം ബോർഡിനെ രാഷ്ട്രീയമായും ഭരണപരമായും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വിഷയത്തിൽ തൃശൂരിലെ വിവിധ രാഷ്ട്രീയ, സാമൂഹിക, ഹൈന്ദവ സംഘടനകളുടെ യോഗം ബോർഡ് വിളിച്ചുചേർത്തെങ്കിലും മൈതാനിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ഏകാഭിപ്രായം രൂപപ്പെട്ടില്ല. വടക്കുംനാഥൻ ക്ഷേത്രത്തിന് ചുറ്റുമുള്ള തേക്കിൻകാട് മൈതാനം വർഷങ്ങളായി പൊതുപരിപാടികൾക്കായി ഉപയോഗിച്ചുവരുന്നതിനാൽ രാഷ്ട്രീയ യോഗങ്ങൾക്കുള്ള വിലക്ക് നീക്കണമെന്നാണ് രാഷ്ട്രീയ സംഘടനകളുടെ ആവശ്യം.
ഹൈക്കോടതി വിധിക്ക് പിന്നാലെ ലഭിച്ച ആദ്യ അപേക്ഷ ഡിവൈഎഫ്ഐയുടേതായിരുന്നുവെങ്കിലും, കോടതിയുടെ നിർദേശം ലംഘിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ദേവസ്വം ബോർഡ്. അതേസമയം, ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനുള്ള സാധ്യതയും ബോർഡ് പരിഗണിക്കുന്നതായി അറിയുന്നു.
രാഷ്ട്രീയ പരിപാടികൾക്ക് വിലക്കുണ്ടെങ്കിലും ഔദ്യോഗിക സർക്കാർ ചടങ്ങുകൾക്ക് തടസ്സമില്ല. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തൃശൂർ ജില്ലയിലെ പ്രധാന ചടങ്ങുകൾ തേക്കിൻകാട് മൈതാനിയിൽ തന്നെ നടക്കും. ചടങ്ങിൽ മന്ത്രി ദേശീയ പതാക ഉയർത്തുകയും സായുധ സേന, എൻ.സി.സി., സ്കൗട്ട് വിഭാഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും ചെയ്യും.