വോട്ടർപട്ടിക പരിഷ്കരണത്തിൽ എതിർപ്പ്; തിരഞ്ഞെടുപ്പ് കമ്മീഷനിൽ അഭിപ്രായവ്യത്യാസം

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ ചീഫ് ഇലക്ഷൻ കമ്മീഷണറും മറ്റ് കമ്മീഷണർമാരും തമ്മിൽ വിവിധ വിഷയങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതായി ദേശീയ മാധ്യമമായ ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. വോട്ടർപട്ടിക പരിഷ്കരണം, എസ്.ഐ.ആർ നടപടികൾ, പുതിയ വോട്ടർ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഫോം-6 ഭേദഗതികൾ എന്നിവയിൽ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും രേഖാമൂലം വിയോജിപ്പുകൾ അറിയിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്.

കഴിഞ്ഞ പത്ത് മാസത്തിനിടെ ഇരുവരും 14 തവണ വിയോജനക്കുറിപ്പുകൾ സമർപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പ്രധാന തീരുമാനങ്ങളിൽ ചിലത് തങ്ങളുടെ അറിവോ അനുമതിയോ കൂടാതെയാണ് നടപ്പാക്കപ്പെടുന്നതെന്നും, ചില നടപടിക്രമങ്ങളിൽ നിയമപരവും ഭരണപരവുമായ ആശങ്കകൾ നിലനിൽക്കുന്നതായും കമ്മീഷണർമാർ അഭിപ്രായപ്പെട്ടതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പുതിയ വോട്ടർമാരുടെ രജിസ്ട്രേഷൻ, വോട്ടർപട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യുന്നതും പുനഃസ്ഥാപിക്കുന്നതും, ഇറോനെറ്റ് സോഫ്റ്റ്‌വെയറിലൂടെ നടപ്പാക്കുന്ന കേന്ദ്രീകൃത ഡാറ്റാ മാനേജ്മെന്റ് സംവിധാനവും സംബന്ധിച്ചാണ് പ്രധാനമായും ആശങ്കകൾ ഉയർത്തിയിട്ടുള്ളത്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനും കേന്ദ്ര കാബിനറ്റ് സെക്രട്ടറിക്കും വിയോജനക്കത്തുകൾ കൈമാറിയതായും റിപ്പോർട്ടിൽ പറയുന്നു.

വോട്ടർ പട്ടിക കൈകാര്യം ചെയ്യുന്നതിനുള്ള ഐ.ടി. സംവിധാനങ്ങളുമായി ബന്ധപ്പെട്ട ചുമതലകളിൽ വരുത്തിയ മാറ്റത്തിനെതിരെയും സന്ധുവും ജോഷിയും എതിർപ്പ് രേഖപ്പെടുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരം മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനിലെ തീരുമാനങ്ങൾ ഏകകണ്ഠമായോ ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലോ ആയിരിക്കണമെന്നാണ് വ്യവസ്ഥ. ഈ പശ്ചാത്തലത്തിൽ, കമ്മീഷന്റെ പ്രവർത്തനരീതിയെക്കുറിച്ചും തീരുമാനമെടുക്കൽ പ്രക്രിയയെക്കുറിച്ചും ഇരുവരും ആശങ്ക അറിയിച്ചതായാണ് റിപ്പോർട്ട്.

അതേസമയം, വിഷയവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.

23-Sep-2026