സംസ്ഥാനത്തെ ആരോഗ്യ-ഭരണ സംവിധാനങ്ങളെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവ് എം.വി. ജയരാജൻ. രോഗികൾക്ക് തുന്നിക്കെട്ടാൻ ആവശ്യമായ പഞ്ഞി പോലും ലഭിക്കാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും, അതേസമയം മന്ത്രിമാരുടെ പ്രസ്താവനകൾക്ക് കുറവില്ലെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന സ്കൂൾ കായികമേളയ്ക്കിടെ ഉണ്ടായ അപകടത്തെ ചൂണ്ടിക്കാട്ടിയ ജയരാജൻ, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ പോലും ആവശ്യമായ സംവിധാനങ്ങൾ ഇല്ലാത്ത സാഹചര്യമുണ്ടായെന്ന് വിമർശിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ കായികമന്ത്രി വിദ്യാഭ്യാസ മന്ത്രിയെ പഴിചാരുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ജനങ്ങളുടെ ക്ഷേമവും കുട്ടികളുടെ സുരക്ഷയും ഉറപ്പാക്കുന്നതിന് പകരം ചില ഉദ്യോഗസ്ഥരുടെ അഴിഞ്ഞാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ജയരാജൻ പറഞ്ഞു.
എസ്എഫ്ഐ ജില്ലാ സെക്രട്ടറിക്കെതിരെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐ ഗോകുൽ ഭീഷണി മുഴക്കിയെന്ന ആരോപണത്തിലും അദ്ദേഹം ശക്തമായി പ്രതികരിച്ചു. കുപ്രസിദ്ധിക്ക് റെക്കോർഡ് നൽകേണ്ട ഉദ്യോഗസ്ഥനാണ് ഗോകുലെന്ന് ആരോപിച്ച ജയരാജൻ, കോൺഗ്രസും ബിജെപിയും ബന്ധപ്പെട്ട കേസുകളിൽ നടപടിയില്ലെന്നും സിപിഎം പ്രവർത്തകർക്കെതിരെയാണ് കേസുകൾ രജിസ്റ്റർ ചെയ്യുന്നതെന്നും വിമർശിച്ചു.
രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്താനും പ്രവർത്തകരെ സമ്മർദത്തിലാക്കാനുമാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് ആരോപിച്ച അദ്ദേഹം, എസ്ഐ ഗോകുലിനെ കന്റോൺമെന്റ് സ്റ്റേഷനിൽ നിന്ന് മാറ്റുന്നതുവരെ പ്രതിഷേധം തുടരുമെന്നും വ്യക്തമാക്കി.