ഏകപക്ഷീയ തീരുമാനങ്ങൾ അംഗീകരിക്കില്ല’; ഗ്യാനേഷ് വിവാദത്തിൽ സുപ്രീം കോടതി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ ഹർജികളിൽ തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവർ അടങ്ങുന്ന ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

പത്ത് ദിവസത്തിനകം മറുപടി നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിർദേശിച്ചു. അതേസമയം, ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ആവശ്യത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി തയ്യാറായില്ല.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനങ്ങൾ ഏകകണ്ഠമായോ ഭൂരിപക്ഷാഭിപ്രായപ്രകാരമോ ആയിരിക്കണമെന്നാണ് നിയമപരമായ വ്യവസ്ഥയെന്ന് കോടതി നിരീക്ഷിച്ചു. ഏകപക്ഷീയമായി തീരുമാനങ്ങൾ എടുത്തിട്ടുണ്ടോയെന്ന കാര്യത്തിൽ കമ്മീഷന്റെ വിശദീകരണം ആവശ്യമാണ് എന്നും ബെഞ്ച് വ്യക്തമാക്കി.

ഫോം 6-ൽ വരുത്തിയതായി പറയപ്പെടുന്ന മാറ്റങ്ങളെക്കുറിച്ചും കോടതി പരാമർശിച്ചു. പരിഷ്കരിച്ച ഫോം 6 തങ്ങൾ അംഗീകരിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. രേഖകൾ പരിശോധിച്ച ശേഷമേ ഇക്കാര്യത്തിൽ അന്തിമ നിലപാട് സ്വീകരിക്കാനാകൂവെന്നും കോടതി പറഞ്ഞു.

ഏതെങ്കിലും തീരുമാനങ്ങൾ കമ്മീഷന്റെ ഏകകണ്ഠമായ അംഗീകാരമില്ലാതെ എടുത്തതാണെന്ന് രേഖകൾ വ്യക്തമാക്കുന്നുവെങ്കിൽ അത്തരം തീരുമാനങ്ങൾ റദ്ദാക്കാൻ കോടതി മടിക്കില്ലെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി നിരീക്ഷിച്ചു. വിഷയത്തിൽ മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരോടും കോടതി വിശദീകരണം തേടിയിട്ടുണ്ട്.

ഇതിനിടെ, ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വിവിധ സംഘടനകളും പ്രതിപക്ഷ പാർട്ടികളും രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. ഡൽഹിയിൽ ശനിയാഴ്ച ആരംഭിക്കുന്ന സിജെപി സമരം ഗ്യാനേഷ് കുമാർ രാജിവെക്കുന്നത് വരെ തുടരുമെന്ന് സംഘടനയുടെ മുഖ്യവക്താവ് സൗരവ് ദാസ് അറിയിച്ചു.

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ വിട്ടുവീഴ്ചയില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും പ്രതികരിച്ചു. സമരം നടത്തുന്ന സിവിൽ സൊസൈറ്റി സംഘടനകൾക്കും യുവജന പ്രസ്ഥാനങ്ങൾക്കും കോൺഗ്രസ് പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം എക്‌സിലൂടെ അറിയിച്ചു.

05-Oct-2026