തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്; പ്രതികരണവുമായി ജോൺ ബ്രിട്ടാസ്

തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ് അയച്ചതിൽ പ്രത്യേക പ്രതീക്ഷയോ സന്തോഷമോ ഇല്ലെന്ന് സിപിഐ എം രാജ്യസഭാംഗം ഡോ. ജോൺ ബ്രിട്ടാസ്. എസ്‌ഐആർ (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ) ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷ കക്ഷികൾ നേരത്തെ തന്നെ സുപ്രീം കോടതിയെ സമീപിക്കുകയും പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ജോൺ ബ്രിട്ടാസ്. ബിഹാർ തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്‌ഐആർ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്ന് സുപ്രീം കോടതിയുടെ ഇടപെടൽ പര്യാപ്തമായിരുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു.

വൈകിയാണെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച സുപ്രീം കോടതി നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ നോട്ടീസിൽ മാത്രം ഒതുങ്ങാതെ ശക്തമായ നിലപാടുകളും നടപടികളും കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ബ്രിട്ടാസ് ആവശ്യപ്പെട്ടു.

സുപ്രീം കോടതിയിൽ നിന്ന് പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ സമീപകാലത്ത് ഉണ്ടായിട്ടില്ലെന്നത് രാജ്യത്തെ പ്രധാന ആശങ്കകളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു. എസ്‌ഐആർ വിഷയത്തിൽ മുൻ സുപ്രീം കോടതി ജഡ്ജിമാരും നിലവിലെ ജഡ്ജിമാരും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യമാകെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയും ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ സുപ്രീം കോടതിക്ക് അത് അവഗണിക്കാനാകില്ലെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. ഈ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന് നോട്ടീസ് അയച്ചതെന്നാണ് തന്റെ വിലയിരുത്തലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

05-Oct-2026