വിജെടി ഹാള്‍ ഇനി 'അയ്യങ്കാളി ഹാള്‍'
അഡ്മിൻ
വിജെടി ഹാള്‍ ഇനി 'അയ്യങ്കാളി ഹാള്‍'
അടിച്ചമര്‍ത്തപ്പെട്ടവരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു വേണ്ടി പോരാടിയ നവോത്ഥാന നായകനായ അയ്യന്‍കാളിക്കു ഉചിതമായ സ്മാരകം എന്ന നിലയില്‍ തിരുവന്തപുരത്തെ വിജെടി ഹാളിനു 'അയ്യങ്കാളി ഹാള്‍' എന്ന് പുനര്‍നാമകരണം ചെയ്യാന്‍ തീരുമാനിച്ചു.
വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സ്മരണയ്ക്ക്, 1896ല്‍ ശ്രീമൂലം തിരുനാളിന്റെ കാലത്താണ് ഈ ഹാള്‍ നിര്‍മിച്ചത്. ഇപ്പോള്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഈ ഹാളിന്റെ അറ്റകുറ്റപ്പണിയും മോടിപിടിപ്പിക്കലും 1999 ല്‍ പൂര്‍ത്തിയാക്കിയിരുന്നു.
എണ്ണമറ്റ ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഈ മന്ദിരത്തെ കേരളത്തിന്റെ സാംസ്കാരിക-സാമൂഹിക മുന്നേറ്റങ്ങളുടെ ചരിത്ര സ്മാരകമായി അടയാളപ്പെടുത്തണം എന്നാണു സര്‍ക്കാര്‍ കണ്ടത്. ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി നിയമസഭ തുടങ്ങിയത് 1888ല്‍ തിരുവിതാംകൂറിലാണ്. 1912ലാണ് അയ്യങ്കാളി പുലയ സമുദായത്തെ പ്രതിനിധാനം ചെയ്ത് സഭയിലെത്തിയത്. ആദ്യകാലത്ത് സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലായിരുന്നു യോഗം ചേര്‍ന്നിരുന്നത്. പിന്നോക്ക ജാതിക്കാര്‍ അംഗങ്ങളായതോടുകൂടി യോഗം വിജെടി ഹാളിലേക്കു മാറ്റി.
അവശജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി അയ്യങ്കാളിയുടെ ശബ്ദം മുഴങ്ങിയത് ഈ ഹാളിലായിരുന്നു. സൗജന്യ വിദ്യാഭ്യാസത്തിനുവേണ്ടിയും പരീക്ഷാഫീസ് ഒഴിവാക്കുന്നതിനു വേണ്ടിയും സ്കൂളിലെ ഉച്ചക്കഞ്ഞിക്കുവേണ്ടിയും ഭൂരഹിതര്‍ക്ക് ഭൂമിവിതരണത്തിനുവേണ്ടിയും അദ്ദേഹം ഇവിടെ ശക്തിയുക്തം സംസാരിച്ചു. അയ്യങ്കാളിയെ പോലെ ശക്തമായും ധൈര്യമായും മറ്റാരും വിജെടി ഹാളില്‍ സംസാരിച്ചിട്ടുണ്ടാവില്ല. ഈ പശ്ചാത്തലം മുന്‍നിര്‍ത്തിയാണ്, അയ്യങ്കാളിയുടെ സ്മരണ നിറഞ്ഞുനില്ക്കുന്ന വിജെ ടി ഹാളിനു 'അയ്യങ്കാളി ഹാള്‍' എന്ന് പുനര്‍മാമകരണം ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
*പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് വീടുകള്‍*
കേരളത്തെ രൂക്ഷമായി ബാധിച്ച കാലവര്‍ഷം അല്പം ശമിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങള്‍ക്ക് മുന്നില്‍ പതറാതെ നേരിട്ട പാരമ്പര്യമാണ് നമ്മുടെ നാടിനുള്ളത്. 2018ലെ മഹാപ്രളയത്തിലും അതിനുശേഷം ഈ വര്‍ഷമുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും കനത്ത നാശനഷ്ടങ്ങള്‍ നേരിട്ടപ്പോഴും ഒരുമയോടുകൂടി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നു. ഈ ദുരന്തങ്ങളുടെ കാരണങ്ങളെക്കുറിച്ചും അവ എങ്ങനെ ഭാവിയില്‍ ഇല്ലാതാക്കാമെന്നതിനെക്കുറിച്ചും ആഴത്തിലുള്ള ചിന്ത സമൂഹത്തില്‍ രൂപപ്പെടുന്നുണ്ട്.
പുനര്‍നിര്‍മാണ പ്രവര്‍ത്തനത്തില്‍ രണ്ടു പ്രധാന പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. നിലവിലുള്ള രീതിയില്‍ ഭവനനിര്‍മാണവും മറ്റു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തുമ്പോള്‍ അസംസ്കൃത വസ്തുക്കള്‍ എങ്ങനെ കിട്ടും എന്നതാണ് അതിലൊന്ന്. നിലവിലുള്ള രീതി മാറ്റേണ്ടതല്ലേ, നാടിന്റെ സവിശേഷമായ പ്രകൃതിക്കനു സരിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തേണ്ടതല്ലേ എന്നതാണ് രണ്ടാമത്തേത്. ഈ ചോദ്യങ്ങള്‍ക്കുത്തരം, കണ്ടെത്തി, പ്രായോഗിക ബദലുകള്‍ രൂപപ്പെടുത്തുന്നതിന് ലോകത്തെമ്പാടുമുള്ള അനുഭവങ്ങളെ സ്വാംശീകരിച്ചു മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഇതിന്റെ ഭാഗമായി ലൈഫ് മിഷനില്‍ ഉള്‍പ്പെടെ തയ്യാറാക്കുന്ന ഭവന സമുച്ചയങ്ങളെ പുതിയ രീതിയിലേക്ക് പരിവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികളിലേക്ക് നീങ്ങുകയാണ്. പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി പ്രകൃതിദുരന്താഘാതം മറികടക്കാന്‍
ശേഷിയുള്ള ഭവനസമുച്ചയങ്ങള്‍ കെട്ടിപ്പടുക്കാന്‍ പ്രീ ഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനു സ്റ്റേറ്റ് ലെവല്‍ എംപവേര്‍ഡ് കമ്മിറ്റി തീരുമാനം എടുത്തിട്ടുണ്ട്.
ഇത്തരം രീതികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കുന്നുണ്ട്. ആവശ്യാനുസരണം ഓര്‍ഡര്‍ നല്കിയാല് വീടുകള്‍ ഫാക്ടറിയില്‍ നിര്‍മിച്ച് നമ്മുടെ സ്ഥലത്തു ദിവസങ്ങള്‍ കൊണ്ട് ഫിറ്റ് ചെയ്യുന്ന ഏജന്‍സികള്‍ പോലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്ന് പ്രധാനപ്പെട്ട സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്ന നിര്‍മാണ രീതിയാണ് അവലംബിക്കാന്‍ നോക്കുന്നത്.
1. പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നതും പ്രകൃതിയെ ചൂഷണം ചെയ്യേണ്ടിവരുന്നതുമായ അസംസ്കൃത വസ്തുക്കള്‍ പരമാവധി കുറയ്ക്കുകയാണ് പ്രധാനം. കല്ലും മണലും അടക്കമുള്ള നിര്‍മാണവസ്തുക്കളുടെ ഉപയോഗം പരിമിതപ്പെടുത്തും. കരങ്കല്ലിന്റെയും മറ്റും അമിതമായ ഉപയോഗത്തെ നിയന്ത്രിച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുന്നതിനുള്ള വഴികളാണ് ഇങ്ങനെ തുറക്കാനാവുക.
2. ദുരന്താഘാതങ്ങളെ മറികടക്കാന്‍ ശേഷിയുള്ള കെട്ടിടങ്ങളാണ് പുതിയ സാങ്കേതികവിദ്യയിലൂടെ നിര്‍മിക്കപ്പെടുക.
3. ഭാരം കുറഞ്ഞതും ഈടുള്ളതും വളരെ വേഗം (ദിവസങ്ങള്‍ കൊണ്ടുതന്നെ) പൂര്‍ത്തിയാക്കാവുന്നതുമായ നിര്‍മാണ സങ്കേതമാണ് ഇത്. ഉള്‍പ്രദേശങ്ങളിലേക്ക് ഇവ എളുപ്പത്തില്‍ എത്തിക്കാം. ഭവന നിര്‍മാണം നീണ്ടുപോകുന്നുവെന്ന വിമര്‍ശനം പരിഹരിക്കാന്‍ പറ്റുന്ന വിധം നിര്‍മാണ സമയം ഗണ്യമായി കുറയും എന്ന സവിശേഷതയും ഇതിനുണ്ട്.
ആഗോളതലത്തില്‍ തെളിയിക്കപ്പെട്ട സങ്കേതമാണെങ്കിലും കേരളീയര്‍ക്ക് ഏറെ പരിചിതമല്ലാത്ത ഒന്നാണിത്. സമ്പാദ്യമാകെയും കിട്ടാവുന്ന വായ്പകളും കൂട്ടി വീടുവെക്കുക എന്നതാണ് കേരളീയരുടെ പൊതു രീതി. ഈ വീടുകള്‍ പലപ്പോഴും പൂട്ടിയിടേണ്ടിവരികയും ചെയ്യും. ആ മനോഭാവമാണ് നാം ബോധപൂര്‍വ്വം മാറ്റേണ്ടത്.
പുതിയ സാങ്കേതികവിദ്യയ്ക്ക് തുടക്കത്തില്‍ സ്വീകാര്യതക്കുറവ് ഉണ്ടായേക്കാം. എങ്കിലും അവയുടെ ഈടുനില്‍പ്പും വേനല്‍ക്കാലത്തെ സുഖകരമായ അന്തരീക്ഷവും ജനങ്ങളെ ഇതിലേക്ക് നയിക്കുന്നതിന് സഹായിക്കും. സാങ്കേതികവിദ്യ പരിചിതമാക്കല്‍ ക്യാമ്പയിന് ആസൂത്രണം ചെയ്യും. ചെന്നൈ ഐഐടി ഇത്തരം നിര്‍മാണം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
*ആവാസ വ്യവസ്ഥയെക്കുറിച്ച് പഠിക്കാന്‍ പുതിയ കമ്മറ്റി*
പ്രകൃതിലോല പ്രദേശങ്ങളിലും മറ്റു പ്രദേശങ്ങളിലും ആവാസ വ്യവസ്ഥ എങ്ങനെയാകണം, പ്രാദേശിക മേഖലകളിലെ തീവ്രമായ സംഭവങ്ങളുടെ ശാസ്ത്രീയമായ അപഗ്രഥനം, ഭൂവിനിയോഗം, ഭൂപ്രദേശത്തിന്റെ ദൃഢത എന്നിവയെക്കുറിച്ച് ഗൗരവമുള്ള ഒരു പഠനം നടത്താന്‍ ഇതിനൊപ്പം തന്നെ തീരുമാനമെടുത്തിട്ടുണ്ട്. ജലവിഭവ എഞ്ചീനീയറിങ് വിദഗ്ധന്‍ കൂടിയായ കേരള സ്റ്റേറ്റ് സയന്‍സ് ആന്റ് ടെക്നോളജി കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും സംസ്ഥാന സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ പ്രൊഫ. കെ പി സുധീര്‍ ആണ് സമിതിയുടെ കണ്‍വീനര്‍. ഇതിനുപുറമെ ഈ സമിതിയില്‍ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം, ഐഐടി ചെന്നൈ, ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ വകുപ്പില്‍ സീനിയര്‍ തസ്തികയില്‍ ഉണ്ടായിരുന്നവര്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി തുടങ്ങിയവര്‍ ഈ സമിതിയില്‍ അംഗമായിരിക്കും. ഈ സമിതി മൂന്ന് മാസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കമ്മറ്റി പരിഗണിക്കുന്ന വിഷയങ്ങള്‍
1. അതിതീവ്രമഴയും അനുബന്ധ ദുരന്തങ്ങളും സംഭവിക്കാനുള്ള കാരണങ്ങളും അവയുടെ പ്രേരണാ ഘടകങ്ങളും.
2. തീവ്രമായ മണ്ണിടിച്ചല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളെ സൂചിപ്പിക്കുന്നതിനുള്ള രീതികളും സൂചകങ്ങളും പരിശോധിക്കുകയും അത്തരം ദുരന്തങ്ങളും അതിന്റെ അനന്തരഫലങ്ങളും കുറയ്ക്കുന്നതിനുള്ള പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുക.
3. പ്രളയദുരന്തമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ ഇപ്പോഴത്തെ ഭൂപടം പരിശോധിക്കുകയും, അത്തരം ദുരന്തങ്ങള്‍ കുറയ്ക്കാനുള്ള പരിഹാര നടപടികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുക.
4. ഭൂവിനിയോഗം ദുരന്താഘാത ശേഷി താങ്ങാനുള്ളതാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍.
റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി കമ്മറ്റിക്ക് ആവശ്യമെങ്കില്‍ ദേശീയ, അന്തര്‍ദേശീയ വിദഗ്ദ്ധരുമായി ആശയവിനിമയം നടത്തി തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്.
കഴിഞ്ഞ പ്രളയത്തിനുശേഷം 'ബില്‍ഡ് ബാക്ക് ബെറ്റര്‍' എന്ന ലക്ഷ്യത്തോടെ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് നടപ്പാക്കിവരുന്നത്. ഇതിനായി ഡെച്ച് സാങ്കേതിക വിദഗ്ദ്ധരുമായി ആശയവിനിമയം നടത്തി 'റൂം ഫോര്‍ റിവര്‍' പ്രോജക്ട് തുടങ്ങിയ പരിപാടികള്‍ നടപ്പാക്കിവരികയാണ്. ഇതിന്റെ പുരോഗതി സര്‍ക്കാര്‍ തലത്തില്‍ വിലയിരുത്തുന്നുമുണ്ട്.
*ലൈഫ് ഗാര്‍ഡ് ജോണ്‍സന്റെ കുടുംബത്തിന് സഹായം*
ശംഖുമുഖത്ത് തിരയില്‍പ്പെട്ട യുവതിയെ സാഹസികമായി രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരണമടഞ്ഞ ലൈഫ് ഗാര്‍ഡ് ജോണ്‍സന്റെ കുടുംബത്തിന് പത്തുലക്ഷം രൂപയും ഭാര്യയ്ക്ക് ടൂറിസം വകുപ്പില്‍ യോഗ്യതയ്ക്കനുസരിച്ച് ജോലിയും നല്കാന് തീരുമാനിച്ചു.
29-Aug-2019
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ