ആയുഷ് രംഗത്ത് ഏറ്റവും അധികം വികസനം നടന്ന കാലഘട്ടം: മന്ത്രി വീണാ ജോർജ്
അഡ്മിൻ
ആയുഷ് രംഗത്ത് ഏറ്റവും അധികം വികസനം നടന്ന കാലഘട്ടമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആയുഷ് രംഗത്തെ വലിയ മാറ്റത്തിനായി കൂട്ടായ പരിശ്രമം നടത്തി. പുതിയ തസ്തികകൾ, പുതിയ പ്രോജക്ടുകൾ അങ്ങനെ വലിയ വികസനം നടത്താനായി. ആയുഷ് മിഷൻ വഴി മുമ്പ് 23 കോടിയായിരുന്ന തുക 210 കോടിയിലേക്ക് വർധിപ്പിക്കാനായി. പുതിയ ആശുപത്രികൾ സാധ്യമാക്കാനായി. വെൽനസിനും ചികിത്സയ്ക്കും പ്രാധാന്യം നൽകി. 14 ജില്ലകളിലും അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നൽകിയെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തുടനീളം ആരംഭിച്ച 46 ഫിസിയോതെറാപ്പി യൂണിറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം കിഴക്കേക്കോട്ട ജില്ലാ ഹോമിയോ ആശുപത്രിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
ഗവേഷണ രംഗത്ത് വലിയ പ്രാധാന്യം നൽകി. ജനുവരിയിൽ ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ ആദ്യഘട്ടം പ്രവർത്തനസജ്ജമാക്കാൻ കഴിയും. ആയുഷ് സ്ഥാപനങ്ങളിൽ മുമ്പ് സ്റ്റാന്റഡൈസേഷൻ ഉണ്ടായിരുന്നില്ല. 250 ആയുഷ് ചികിത്സാ കേന്ദ്രങ്ങൾക്ക് ദേശീയ ഗുണനിലവാര അംഗീകരമായ എൻഎബിഎച്ച് അംഗീകാരം ലഭ്യമാക്കാനായി. അടുത്ത 250 സ്ഥാപനങ്ങൾ എൻഎബിഎച്ച് നിലവാരത്തിലേക്ക് തയ്യാറാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. 10,000 ആയുഷ് യോഗ ക്ലബ്ബുകൾ സ്ഥാപിച്ചു.
2 കോടി രൂപ ചെലവിലാണ് ഫിസിയോതെറാപ്പി യൂണിറ്റുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഭാരതീയ ചികിത്സാ വകുപ്പിന്റെ 25 ആശുപത്രികളിലും ഹോമിയോപ്പതി വകുപ്പിന്റെ 21 ആശുപത്രികളിലുമാണ് പുതുതായി ഫിസിയോതെറാപ്പി യൂണിറ്റുകൾ പ്രവർത്തനം ആരംഭിക്കുന്നത്. മികച്ച നിലവാരമുള്ള ഫിസിയോതെറാപ്പി ഉപകരണങ്ങൾക്കൊപ്പം ഫിസിയോതെറാപ്പിസ്റ്റ്, മൾട്ടിപർപ്പസ് വർക്കർ എന്നിവരുടെ സേവനവും ഓരോ യൂണിറ്റിലും ഉറപ്പാക്കും. ഇതോടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഹോമിയോപ്പതി ആശുപത്രികളിലും ഫിസിയോതെറാപ്പി യൂണിറ്റുകൾ പ്രവർത്തന സജ്ജമാകും. രോഗികൾക്ക് കൂടുതൽ ഗുണമേന്മയുള്ള സേവനം ഉറപ്പാക്കുക എന്ന സർക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ മറ്റൊരു സാക്ഷാത്ക്കാരം കൂടിയാണിത്.