അമിത് ഷായുടെ ഒരു ഭാഷ വാദത്തെ തള്ളി മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ.

ന്യൂദല്‍ഹി: ദേശീയ ഭാഷയായ ഹിന്ദിക്ക് ഇന്ത്യയെ ഒന്നിച്ച് നിര്‍ത്താന്‍ കഴിയുമെന്നുള്ള അമിത് ഷായുടെ മുദ്രാവാക്യത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഭാഷയുടെ പേരില്‍ സംഘ പരിവാര്‍ പുതിയ സംഘര്‍ഷ വേദി തുറക്കുക്കുകയാണ്. അതിനാലാണ് രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടും ഹിന്ദി അജണ്ടയില്‍ നിന്ന് പിന്മാറാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാകാത്തതെന്നു ശ്രീ പിണറായി പറഞ്ഞു.

ഹിന്ദിയുടെ പേരിൽ വിവാദം സൃഷ്ടിക്കാനുള്ള സംഘപരിവാർ നീക്കം രാജ്യത്ത് നിലനിൽക്കുന്ന മൂർത്തമായ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനുള്ള ആസൂത്രിത ശ്രമമാണ്. രാജ്യവ്യാപകമായ പ്രതിഷേധം ഉയർന്നിട്ടും ''ഹിന്ദി അജണ്ട" യിൽ നിന്ന് പിന്മാറാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയാറായിട്ടില്ല. ഭാഷയുടെ പേരിൽ പുതിയ സംഘർഷ വേദി തുറക്കുന്നതിന്റെ ലക്ഷണമാണത്. രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്കാണ്.ദക്ഷിണേന്ത്യയിലെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും ജനങ്ങൾ ഹിന്ദി സംസാരിക്കുന്നവരല്ല. അവിടങ്ങളിലെ പ്രാഥമിക ഭാഷയാക്കി ഹിന്ദിയെ മാറ്റണം എന്നത് അവരുടെയാകെ മാതൃഭാഷകളെ പുറന്തള്ളലാണ്. പെറ്റമ്മയെപ്പോലെ മാതൃഭാഷയെ സ്നേഹിക്കുന്ന മനുഷ്യന്റെ ഹൃദയവികാരത്തിനു നേരെയുള്ള യുദ്ധപ്രഖ്യാപനമായേ അതിനെ കാണാനാവൂ.ഹിന്ദി കോടിക്കണക്കിന് ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ്. അത് ആ രീതിയിൽ പൊതുവിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഭാഷയുടെ പേരിൽ രാജ്യത്ത് പറയത്തക്ക തർക്കങ്ങളൊന്നും നിലനിൽക്കുന്നില്ല. ഹിന്ദി സംസാരിക്കാത്തതു കൊണ്ട് ഇന്ത്യക്കാരനല്ല എന്ന് ഒരു ഇന്ത്യൻ പൗരനും തോന്നേണ്ട സാഹചര്യവുമില്ല. വ്യത്യസ്ത ഭാഷകളെ അംഗീകരിക്കുന്ന രാഷ്ട്ര രൂപമാണ് ഇന്ത്യയുടേത്. അതിന് ഭംഗം വരുത്തുന്ന നീക്കത്തിൽ നിന്ന് സംഘപരിവാർ പിന്മാറണം. ജനങ്ങളുടെയും നാടിന്റെയും ജീവൽ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഇത്തരം നീക്കങ്ങൾ തിരിച്ചറിയപ്പെടുന്നുണ്ട് എന്ന് സംഘ പരിവാർ മനസ്സിലാക്കുന്നത് നന്ന്.അദ്ദേഹം തന്റെ ഫെയ്‌സ് ബുക്ക്  പോസ്റ്റിൽ കുറിച്ചു.


ഇതിനിടയിൽ ബഹുഭാഷാ രാഷ്ട്രമായ ഇന്ത്യയുടെമേല്‍ ദേശീയ ഭാഷയായി ഹിന്ദിയെ അടിച്ചേല്‍പ്പിക്കാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായി.അമിത് ഷായുടെ പ്രഖ്യാപനം തമിഴ്‌നാട്, കര്‍ണാടക, പശ്ചിമബംഗാള്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ രൂക്ഷപ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത്.സിപിഐ ദേശീയ സെക്രട്ടേറിയറ്റ് ഈ നീക്കത്തെ ഒരു പ്രസ്താവനയില്‍ നിശിതമായി വിമര്‍ശിച്ചു. സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, രാജ്യത്തിന്റെ വൈവിധ്യത്തെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അമിത് ഷായുടെ പ്രസ്താവനയെ വിലയിരുത്തിയത്.എല്ലാ ഭാഷകളെയും ഒരുപോലെ ബഹുമാനിക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അമിത് ഷായെ ഓര്‍മ്മിപ്പിച്ചു. എല്ലാ ഭാഷകളും വളരണം, എന്നാല്‍ മാതൃഭാഷയെ മറക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.ഭാഷാ സമരത്തിന് തയ്യാറാണെന്നായിരുന്നു ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്റെ പ്രതികരണം.അധികാരത്തില്‍ എത്തിയത് മുതല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ബിജെപി ശ്രമിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്‌കാര വൈവിധ്യത്തെ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഒരു രാജ്യം ഒരു ഭാഷ എന്ന പ്രസ്താവന അമിത് ഷാ പിന്‍വലിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ അഭിപ്രായപ്പെട്ടു. കന്നഡയും തമിഴും പോലെ ഒരു ഭാഷ മാത്രമാണ് ഹിന്ദി അദ്ദേഹം പറഞ്ഞു. ഹിന്ദി ഔദ്യോഗിക ഭാഷയാണെന്ന് ഏത് ഭരണഘടനയിലാണ് പറഞ്ഞിട്ടുള്ളതെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി പ്രതികരിച്ചു. ഹിന്ദിയേക്കാളും ഹിന്ദുവിനെക്കാളും ഹിന്ദുത്വത്തിനെക്കാളും വലുതാണ് ഇന്ത്യയെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയും പ്രതികരിച്ചു.
ഇന്ത്യ രാജ്യഭാഷയെന്ന പദവി ഒരു ഭാഷയ്ക്കും നല്‍കിയിട്ടില്ല. നിലവില്‍ ഹിന്ദി ഔദ്യോഗികഭാഷയും ഇംഗ്ലീഷ് ഔദ്യോഗിക ഉപഭാഷയുമായാണ് ദേശീയതലത്തില്‍ ഉപയോഗിച്ചുവരുന്നത്. മലയാളമടക്കം 22 ഭാഷകളെ ഭരണഘടന അംഗീകരിച്ചിട്ടുണ്ട്.

15-Sep-2019