തീവണ്ടി സര്‍വീസുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നു.

ന്യൂ ഡൽഹി: കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനെന്ന വ്യാജേന റയിൽവേയിൽ സ്വകാര്യ വൽക്കരണം തകൃതിയായി മുന്നേറുന്നു. സര്‍വീസുകള്‍ നേരിട്ട് നടത്തുന്നത് ഒഴിവാക്കി സ്വകാര്യ സംരംഭകരെ കണ്ടത്തനുള്ള പദ്ധതി നേരത്തെ തന്നെ ഇന്ത്യൻ റെയിൽവേ ആരഭിച്ചുകഴിഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ലക്‌നൗ – ഡല്‍ഹി തേജസ് എക്‌സ്പ്രസ് നടത്തിപ്പ് ഇന്ത്യന്‍ റയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷ(ഐആര്‍സിടിസി) നെ ഏല്‍പ്പിച്ചു കഴിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സംരംഭമാണ് ഇന്ത്യന്‍ റയില്‍വേ. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും യാത്രാ മാര്‍ഗവും പൊതു ഉടമസ്ഥതയിലുള്ള യാത്രാ സംവിധാനവുമാണ്, കൂടാതെ ഏറ്റവും ചെലവ് കുറഞ്ഞ ഗതാഗത സംവിധാനവും. ഐആര്‍സിടിസി റയില്‍വേയുടെ അനുബന്ധ സ്ഥാപനമാണെന്നാണ് വെപ്പ് എങ്കിലും സ്വകാര്യ സംരംഭകരുടേതില്‍ നിന്ന് ഒരു വ്യത്യാസവുമില്ലാത്തതാണ് പ്രവര്‍ത്തന രീതി.


22,500 കോടി രൂപ വില വരുന്ന 150 തീവണ്ടി സര്‍വീസുകള്‍ സ്വകാര്യസംരംഭകര്‍ക്ക് നല്‍കാനാണ് ഒടുവില്‍ കൈക്കൊണ്ടിരിക്കുന്ന തീരുമാനം. അടുത്ത രണ്ടു മൂന്ന് വര്‍ഷം കൊണ്ട് പദ്ധതി നടപ്പാക്കാനാണ് തീരുമാനം . ആദ്യഘട്ടമായി 24 സര്‍വീസുകള്‍ സ്വകാര്യവൽക്കരിക്കും. അതിനുള്ള പട്ടികയും തയ്യാറാക്കിക്കഴിഞ്ഞു. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എറണാകുളം – തിരുവനന്തപുരം ഇന്റര്‍സിറ്റി എക്‌സ്പ്രസ് ആദ്യപട്ടികയിൽ ഇടം നേടിയിട്ടുണ്ട്. പീയൂഷ് ഗോയലിന്റെ നിര്‍ദ്ദേശപ്രകാരം റയില്‍വേ ബോര്‍ഡാണ് സ്വകാര്യ സംരംഭകരെ ഏല്‍പ്പിക്കേണ്ട തീവണ്ടി സര്‍വീസുകളുടെ പട്ടിക തയ്യാറാക്കിയത്. നഷ്ടത്തിലുള്ള റയിൽവെയെ രക്ഷിക്കാനെന്ന അവകാശ വാദവുമായി തിരഞ്ഞെടുത്തിരിക്കുന്ന സർവീസുകൾ നിലവിൽ തിരക്കേറിയതും വരുമാനമുള്ളതുമായ സര്‍വീസുകളാണ്. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്ന വിധത്തില്‍ ലോകോത്തര സൗകര്യങ്ങള്‍ സജ്ജീകരിച്ച് വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് വിശദീകരണമെങ്കിലും കൂടുതല്‍ പേരെ ആകര്‍ഷിക്കുന്ന വിധത്തിലല്ല നിരക്കുകളുടെ നിര്‍ണ്ണയം എന്നു പരിശോധിച്ചാല്‍ വ്യക്തമാകും. ഐആര്‍സിടിസിയെ ഏല്‍പ്പിച്ചിരിക്കുന്ന തേജസിന്റെ യാത്രാ നിരക്കുകള്‍ പരിശോധിച്ചാൽ തന്നെ ഈ കാര്യങ്ങൾ വ്യക്തമാകും. തേജസ്സിന്റെ ലക്‌നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് എസി ചെയര്‍ കാറിന് 1,125 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍ കാറിന് 2,310 രൂപയുമാണ്. എന്നാൽ ഇതേ റൂട്ടില്‍ മറ്റ് സര്‍വീസുകള്‍ക്ക് യഥാക്രമം 965, 1935 രൂപയാണ് ഇതേ ക്ലാസുകളുടെ നിരക്ക്. സാധാരണക്കാർക്ക് താങ്ങാനാവാത്ത യാത്ര ചാർജുകൾ വരുമാനം കുറക്കുനന്തിനെ ഉപകരിക്കു.

തീവണ്ടി സര്‍വീസുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാൽ പ്രതിഷേധം വകവയ്ക്കാതെ കൂടുതല്‍ തീവണ്ടി സര്‍വീസുകള്‍ സ്വകാര്യ സംരംഭകരെ ഏല്‍പ്പിക്കുവാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുകയാണ് ഇന്ത്യന്‍ റയില്‍വേ ഇപ്പോൾ ചെയ്യുന്നത്.

01-Oct-2019