കൊച്ചി: പൊതുമേഖലാ ബാങ്കുകളായ ദേനാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക് എന്നിവയുടെ ലയനത്തോടനുബന്ധിച്ച് ജീവനക്കാർക്ക് നൽകിയ ഉറപ്പ് അധികൃതർ പാലിക്കാതെ സംസ്ഥാനത്തെ 20 ഓളം ശാഖകൾ അടച്ചുപൂട്ടുന്നതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്ത് മാത്രമല്ല രാജ്യത്തുടനീളം ശാഖകൾ പൂട്ടുന്നതിനുള്ള നടപടികൾ നടന്നു വരികയാണ്. കൃത്യമായ വിവരം അധികൃതർ ഇനിയും പുറത്തുവിട്ടിട്ടില്ല. ഓരോ പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന ബറോഡ, ദേന, വിജയ ബാങ്കുകളുടെ ശാഖകളിൽ ഏതെങ്കിലും ഒരെണ്ണം നിലനിർത്തി ബാക്കി ശാഖകൾ ഈ മാസം 30 നുള്ളിൽ അതിലേക്ക് “കോ ലൊക്കേറ്റ് ” ചെയ്യണമെന്നുള്ള നിർദേശം പല ശാഖകളിലും എത്തിത്തുടങ്ങിയിട്ടുണ്ട്. ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചർച്ചകളിൽ ഏപ്രിൽ ഒന്നിന് നിലവിലുള്ള ശാഖകൾ അതുപോലെ നിലനിർത്തുമെന്നാണ് മാനേജ്മന്റ് ഉറപ്പ് നൽകിയിരുന്നത്. എന്നാൽ അതിനു വിപരീതമായി ശാഖകൾ അടച്ചു പൂട്ടുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഇപ്പോൾ ഉത്തരവിറങ്ങിയിട്ടുള്ളതെന്ന് തൊഴിലാളി സംഘടനാ നേതാക്കൾ ആരോപിക്കുന്നു. നേരത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലയന ശേഷം 2500 ലേറെ ശാഖകൾ പൂട്ടിയിരുന്നു. ഇതിനു സമാനമായി ബാങ്ക് ഓഫ് ബറോഡയിലും ലാഭകരമല്ലാത്ത ശാഖകളും പ്രദേശങ്ങളിൽ ഒന്നിലേറെയുള്ള ബാങ്ക് ശാഖകളും പൂട്ടുന്നതിനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി മാറ്റി സ്ഥാപിക്കുമെന്നായിരുന്നു ലയന സന്ദർഭത്തിൽ പറഞ്ഞിരുന്നത് ശാഖകൾ അടച്ചുപൂട്ടില്ലെന്നും ഉറപ്പു നൽകിയിരുന്നു. ഈ ഉറപ്പുകളെല്ലാം കാറ്റിൽപ്പറത്തിയാണ് ഇപ്പോഴത്തെ നീക്കങ്ങൾ.
ജനകീയ ബാങ്കിങ് ശക്തിപ്പെടുമെന്നായിരുന്നു എസ് ബി ടി യടക്കം അഞ്ചു അസോസിയേറ്റ് ബാങ്കുകളെ എസ് ബി യിൽ ലയിപ്പിച്ചപ്പോൾ കേന്ദ്ര സർക്കാർ പറഞ്ഞത് . എന്നാൽ പൂർണമായും ഇടപാടുകാരെ പലവിധ ചാർജുകളുടെ പേരിൽ കൊള്ളയടിക്കുന്ന അനുഭവമാണ് ഉണ്ടായത്.ഒരു ലക്ഷം രൂപവരെയുള്ള ഇടപാടുകൾ ബാങ്ക് ഓഫ് ബറോഡയിൽ സൗജന്യമായി ചെയ്യാമായിരുന്നു. ലയനത്തോടെ ഈ സൗകര്യം ഇല്ലാതായി.ബാങ്ക് ഓഫ് ബറോഡക്ക് 5, 502 ശാഖകളും വിജയ ബാങ്കിന് 2, 129 ശാഖകളും ദേന ബാങ്കിന് 1, 858 ശാഖകളുമാണുള്ളത്. ഇതിൽ ഒരേ നഗരത്തിലുള്ള ശാഖകൾ നിർത്തലാക്കി ഒരു ശാഖയാക്കാനാണ് ശ്രമം. ജീവനക്കാരുടെ സ്ഥലം മാറ്റവും പുനർവിന്യാസവും മാനദണ്ഡങ്ങൾ പാലിക്കാതെയും സൗകര്യങ്ങൾ കണക്കിലെടുക്കാതെയുമാണ് ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്. മാനേജ്മന്റ് നടപടികൾക്കെതിരെ ജീവനക്കാർ പ്രക്ഷോഭത്തിലാണ്.