സ്വകാര്യ സര്‍വകലാശാലകള്‍ പൊതു സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും: മുഖ്യമന്ത്രി
അഡ്മിൻ
യുജിസി ചട്ടങ്ങള്‍ പോലും പാലിക്കാതെ രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന സ്വകാര്യ സര്‍വകലാശാലകള്‍ പൊതു സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത് യു.ജി.സിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യും. കൊച്ചി സര്‍വകലാശാലയില്‍ തുടങ്ങിയ ദ്വിദിന രാജ്യാന്തര ഉന്നത വിദ്യാഭ്യാസ കോണ്‍ക്ലേവ് ഉദ്ഘാടനം
ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തിരഞ്ഞെടുക്കപ്പെട്ട നിയമസഭകള്‍ രൂപീകരിച്ച നിയമങ്ങള്‍ക്കനുസൃതമായാണ് സംസ്ഥാന സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ യുജിസിയുടെ നിയന്ത്രണങ്ങള്‍ ഈ സ്വയംഭരണത്തെ ദുര്‍ബലപ്പെടുത്തുന്നു. കേന്ദ്ര സര്‍ക്കാരും യുജിസിയും ഇത്തരം നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍വകലാശാലകളുടെ സ്വയംഭരണത്തെയും സംസ്ഥാന സര്‍ക്കാരുകളുടെ അവകാശങ്ങളെയും മാനിക്കുകയും വേണം. അധ്യാപക നിയമനങ്ങള്‍ക്കോ സമാനമായ കാര്യങ്ങള്‍ക്കോ മിനിമം യോഗ്യതകള്‍ സ്ഥാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പില്ല, അത്തരം നിയന്ത്രണങ്ങള്‍ ഞങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നു. എന്നിരുന്നാലും, യുജിസി ഈ രീതിയില്‍ അതിന്റെ അതിരുകള്‍ ലംഘിക്കുന്നത് അസ്വീകാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും, ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി നീക്കി വെച്ചിരിക്കുന്ന ഫണ്ടുകളെ അത് ബാധിക്കാത്ത വിധമാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പുമായി അഫിലിയേറ്റ് ചെയ്ത പത്ത് സര്‍വകലാശാലകള്‍ക്ക് 1,830 കോടി രൂപ ലഭ്യമാക്കുകയും ചെയ്തു. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി ഏകദേശം 3,000 കോടി രൂപയും അനുവദിച്ചു.
അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് കിഫ്ബി വഴിയുള്ള ഫണ്ടും നല്കി വരുന്നു. എന്നാലും, കേന്ദ്ര സര്‍ക്കാരും യുജിസിയും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഈ സ്ഥാപനങ്ങളെ അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള ഒരു സമീപനം സ്വീകരിക്കുന്നത് ആശങ്കാജനകവും നിരാശാജനകവുമാണ്. സംസ്ഥാന സര്‍വകലാശാലകളുടെ സ്വയംഭരണത്തിന് ഭീഷണിയാകുന്ന ഏറ്റവും പുതിയ യുജിസി നിയന്ത്രണങ്ങളാണ് ഇതിന് ഒരു പ്രധാന ഉദാഹരണമെന്നും അദ്ദേഹം പറഞ്ഞു.
ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം എല്ലാവര്ക്കും പ്രാപ്യമാക്കുകയും വ്യത്യസ്ത പഠന വെല്ലുവിളികള്‍ നേരിടുന്ന പഠിതാക്കളെ ഉള്‍ക്കൊള്ളുകയും ചെയ്യുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സംസ്ഥാന രൂപീകരണത്തിന് ശേഷം കഴിഞ്ഞ ഏഴു പതിറ്റാണ്ടുകളായി കേരളം വിവിധ മേഖലകളില്‍ മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ചിട്ടുണ്ട്. അതില്‍ എടുത്തു പറയേണ്ട ഒരു മേഖലയാണ് പൊതു വിദ്യാഭ്യാസം.
നമ്മുടെ നാടിന്റെ വികസനത്തിന് വിദ്യാഭ്യാസം നല്കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഗോളവല്‍ക്കരണത്തിന്റെ പുത്തന്‍ യുഗത്തില്‍ ഉന്നത വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യമാണുള്ളത്. ഈ പ്രാധാന്യം മനസ്സിലാക്കിയാണ് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഭാവി രൂപപ്പെടുത്തുന്നതിനായി ഇത്തരത്തില്‍ ഒരു കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
14-Jan-2025
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ