ബി എസ് എൻ എൽ പരിധിക്ക് പുറത്താണ്

കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ബിഎസ്‌എൻഎല്ലിന്റെ വരുമാനത്തിൽ വൻ ഇടിവ്‌. ജനുവരിവരെയുള്ള ഒരു വർഷത്തെ വരുമാനം 13,421 കോടി രൂപയാണ്‌. 2018–-19ൽ ഇത്‌ 15,911 കോടിയായിരുന്നു. 2,490 കോടി രൂപയുടെ (15.45 ശതമാനം) കുറവാണ്‌ ഒറ്റ വർഷത്തിലുണ്ടായത്‌. 1638 കോടി രൂപയായിരുന്ന കേരളത്തിലെ വരുമാനം 23.39 ശതമാനം കുറഞ്ഞ് 1255 കോടി രൂപയായി. തെലങ്കാന സർക്കിളിൽനിന്നാണ്‌ ഏറ്റവുമധികം വരുമാനം–- 2376 കോടി രൂപ.

സ്വമേധയാ വിരമിക്കൽ തെരഞ്ഞെടുത്ത 78,569 ജീവനക്കാർക്ക് കുടിശ്ശിക അടുത്തൊന്നും ലഭിക്കില്ല. 2020–-21ലെ കേന്ദ്രബജറ്റിൽ തുക വകയിരുത്തിയതിനാൽ ഏപ്രിൽ ഒന്നിനുശേഷംമാത്രമേ കുടിശ്ശികയുടെ കാര്യത്തിൽ തീരുമാനമാവുകയുള്ളൂ.

വിആർഎസ്, 4ജി സ്‌പെക്ട്രം, ജിഎസ്ടിയുമെല്ലാമായി 37,268.42 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്‌. ജീവനക്കാർക്ക്‌ ഡിസംബർ, ജനുവരി മാസത്തെ ശമ്പളം നൽകിയിട്ടില്ല. പിഎഫിലെ അഡ്വാൻസ്‌ പോലും പിൻവലിക്കാനാകാതെ വലയുകയാണ്‌ ജീവനക്കാർ.

കേന്ദ്രസർക്കാർ 4ജി സേവനം നൽകാത്തതും ടെലികോംമേഖലയിലേക്ക്‌ ജിയോയുടെ കടന്നുവരവുമാണ്‌ ബിഎസ്‌എൻഎല്ലിന്റെ വരുമാനത്തിൽ ഇടിവുണ്ടാക്കിയത്‌. സാമ്പത്തിക സമാഹരണത്തിനായി 8,500 കോടി രൂപയുടെ കടപത്രം ഇറക്കുന്നതിന്‌ ഗ്യാരന്റി നിൽക്കാനും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.

പുനരുദ്ധാരണത്തിന്റെ ഭാഗമായി സ്വയംവിരമിക്കൽ പദ്ധതി നടപ്പാക്കിയതിനു പിന്നാലെ ഒഴിഞ്ഞുകിടക്കുന്ന മുഴുവൻ കെട്ടിട്ടങ്ങളും ഓഫീസുകളും വാടകയ്‌ക്ക്‌ നൽകാൻ ബിഎസ്‌എൻഎൽ ഡയറക്ടർ സർക്കിളുകൾക്ക്‌ നിർദേശം നൽകി. വാടകയിനത്തിൽ 1000 കോടി രൂപ വരുമാനമുണ്ടാക്കണമെന്നാണ്‌ നിർദേശം. കേരളത്തിലെയടക്കം നിരവധി  ക്വാട്ടേർഴ്‌സുകളും കെട്ടിട്ടങ്ങളും ഇതിനോടകം വാടകയ്‌ക്ക്‌ നൽകി. ബി എസ് എൻ എല്ലിനെ സ്വകാര്യവൽക്കരിക്കാൻ കേന്ദ്രസർക്കാർ നടത്തുന്ന നീക്കങ്ങൾക്ക് കരുത്ത് പകരാനാണ് ഇത്തരം പ്രതിസന്ധികൾ സൃഷ്ടിക്കുന്നത് എന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്. 



 

10-Feb-2020