പിടിയിലായത്‌ ഡ്രോൺ നിരീക്ഷണത്തിൽ

ചാരായം വാറ്റിയതിന് ബിഎംഎസ് മുന്‍ ജില്ലാ പ്രസിഡന്റടക്കം മൂന്നുപേര്‍ പിടിയില്‍. ബിജെപി മുന്‍ മണ്ഡലം പ്രസിഡന്റും ബിഎംഎസ് ജില്ലാ നേതാവുമായ കാര്‍ത്തികേയന്‍, ബിഎംഎസ് റെയില്‍വേ സ്റ്റേഷന്‍ യൂണിറ്റ് സെക്രട്ടറി ശശികുമാര്‍ അടക്കമുള്ളവരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് പിടികൂടിയത്.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സാഹചര്യം മുതലെടുത്ത് വന്‍തോതില്‍ ചാരായം വാറ്റി വില്‍ക്കുകയായിരുന്നു സംഘം. അമിതമായി ശര്‍ക്കര വാങ്ങിയവരെ നിരീക്ഷിച്ചു പൊലീസ് നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് സംഘം പിടിയിലായത്. ഇവരെ നിരീക്ഷണത്തില്‍ വയ്ക്കുകയും ചാരായം വാറ്റുന്ന പ്രദേശം ഡ്രോണ്‍ വഴി നിരീക്ഷിച്ച് ഇവര്‍ സ്ഥലത്തുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇവരെ വലയിലാക്കിയത്.

ഇവരില്‍ നിന്ന് 5 ലിറ്റര്‍ ചാരായവും, ചാരായം വാറ്റാനുപയോഗിക്കുന്ന വാഷും മറ്റുപകരണങ്ങളും പിടികൂടി. ആലപ്പുഴ സൗത്ത് സിഐയുടെ നേതൃത്വത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി ഇവരെ കോടതിയില്‍ ഹാജരാക്കി.

15-Apr-2020