ശബരീനാഥൻ MLA യ്ക്ക് തുറന്ന കത്തുമായിഅരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,

 

അനാവശ്യ വിവാദങ്ങളുമായി ഗെവേണ്മെന്റിനെതിരെ അപകീർത്തിപരമായ പ്രസ്താവനകളുമായി വന്ന ശബരീനാഥൻ MLA യ്ക്ക് തുറന്ന കത്തുമായിഅരുവിക്കര  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,ഐ മിനി.

 

 

പ്രിയപ്പെട്ട ശബരീനാഥൻ MLA യ്ക്കൊരു തുറന്ന കത്ത്...

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ ലോകമാകെ കേരളത്തെ അഭിനന്ദിയ്ക്കുകയാണ്. അന്തർദേശീയ- ദേശീയ - സംസ്ഥാന മാധ്യമങ്ങളുമെല്ലാം മുഖ്യമന്ത്രിയെ അഭിനന്ദിയ്ക്കുന്നു. വിജയിക്കുന്നത് കേരളമാണ്. ഓരോ മലയാളിയ്ക്കുമിത് അഭിമാന നിമിഷമാണ്. ജാഗ്രത വിടാതെ അഭിമാനത്തോടെ ശിരസുയർത്തി ഒരു ജനത ഒറ്റക്കെട്ടായി പൊരുതുമ്പോൾ കേരളം നശിയ്ക്കണമെന്നും താനൊഴികെ സകലരും തുലയണമെന്നും ചിന്തിയ്ക്കുന്ന വികൃതമനസ്സുകളുടെ കൂടെ താങ്കളെ കാണേണ്ടി വന്നതിൽ ദുഖമുണ്ട്.

ലോക്‌ഡൗണിനെ തുടർന്ന് പട്ടിണിയിലായ പാവങ്ങൾക്ക് വേണ്ടി അരുവിക്കര ഗ്രാമപഞ്ചായത്തിൽ ഞങ്ങളൊരു കമ്യൂണിറ്റി കിച്ചൺ നടത്തി. 20 ദിവസം രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും എല്ലാ വാർഡുകളിലും ഞങ്ങൾ പാവങ്ങൾക്ക് ഭക്ഷണമെത്തിച്ചു. കക്ഷി രാഷ്ട്രീയ മത ജാതി ഭേദമന്യേ കമ്യൂണിറ്റി കിച്ചണിലേക്കു സാധനങ്ങൾ ഒഴുകിയെത്തി. വിഷുവിനും ഈസ്റ്ററിനും നല്ല വിഭവങ്ങൾ ഈ പാവങ്ങൾക്ക് നൽകാൻ ഞങ്ങൾക്കു കഴിഞ്ഞു. എന്റെ പൊതു ജീവിതത്തിലെ ഏറ്റവും മികച്ച, നനവുള്ള ഓർമ്മകളിലൊന്നാണ് എനിക്കിത്. ഞങ്ങളുടെ പ്രിയപ്പെട്ട എം എൽ എ, താങ്കളൊന്നു വന്നോ ഞങ്ങളുടെ അരുവിക്കരയുടെ പാവങ്ങളെ ഊട്ടിയ കമ്യൂണിറ്റി കിച്ചണിലേക്ക്, ഒന്ന് ചോദിച്ചോ ഇതെങ്ങനെയാണ് നടക്കുന്നതെന്നു. എത്രയോ പേർ എന്നോട് ചോദിച്ചു, നമ്മുടെ എം എൽ എ ഇവിടെ വന്നില്ലേ എന്ന്?, എം എൽ എ വരും എന്ന് ഞാൻ അവരോടൊക്കെ മറുപടി പറഞ്ഞു.

അമ്പല കമ്മിറ്റികളും പള്ളി കമ്മിറ്റികളും NSS, SNDP 'തുടങ്ങിയ സാമുദായിക സംഘടനകളും വ്യാപാരികളും എന്ന് വേണ്ട കോൺഗ്രസ്സും കമ്യൂണിസ്റ്റും ബി ജെ പിയും ഒക്കെ ഒരേമനസ്സോടെ പ്രവർത്തിച്ച അരുവിക്കരയിൽ, താങ്കളൊന്നു വന്നു നോക്കണമായിരുന്നു Mr.ശബരിനാഥൻ MLA.

സർക്കാരിനെയും മുഖ്യമന്ത്രിയെയും ഭരണത്തെയും ഉദ്യോഗസ്ഥരെയും രാഷ്ട്രീയമായും അവരുടെ വീഴ്ചകളിലും ഒക്കെ വിമർശിക്കാം, പക്ഷേ എം എൽ എ എന്ന നിലയിലുള്ള പ്രാഥമിക ഉത്തരവാദിത്വം താങ്കൾ നിറവേറ്റിയോ? അരുവിക്കരയിലെ സമൂഹ അടുക്കള സന്ദർശിക്കാനോ, അവിടെ ഒരു കിലോ അരിയോ പച്ചക്കറിയോ വാങ്ങി നൽകാനോ തയ്യാറായില്ല എന്ന കുറ്റബോധമെങ്കിലും താങ്കൾക്കുണ്ടാകുമെന്ന് കരുതുന്നു.

ഒന്ന് ഓർത്തോളൂ, കുറച്ചു സമയമെടുത്താലും എല്ലാം ജനങ്ങൾ തിരിച്ചറിയും,

വിശ്വസ്തതയോടെ,

ഐ മിനി
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്,
അരുവിക്കര

19-Apr-2020