കോൺഗ്രസ് നേതാക്കളുടെ പുറപ്പാട് ഗ്രൂപ്പ് ചേരിപ്പോരിൽ മേൽക്കൈ നേടാൻ
അഡ്മിൻ
സംസ്ഥാന സർക്കാരിനെതിരെ ബാലിശ ആരോപണങ്ങളുമായുള്ള കോൺഗ്രസ് നേതാക്കളുടെ പുറപ്പാട് ഗ്രൂപ്പ് ചേരിപ്പോരിൽ മേൽക്കൈ നേടാൻ. കോവിഡ് തടയുന്നതിൽ സർക്കാരിനുണ്ടാകുന്ന പ്രതിച്ഛായ തകർക്കുന്നതിൽ മുന്നിൽനിന്ന് പ്രവർത്തിച്ചത് താനാണെന്ന് വരുത്താനാണ് മത്സരം. ഒന്ന് ചീറ്റിപ്പോകുമ്പോൾ മറ്റൊരു കെട്ടുകഥയുമായാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലമുതൽ ശബരീനാഥൻവരെയുള്ളവർ കച്ചമുറുക്കിയത്.
സ്‌പ്രിങ്ക്‌ളർ വിഷയത്തിലടക്കം തലങ്ങും വിലങ്ങും വാർത്താസമ്മേളനം നടത്തിയാണ് ഓരോരുത്തരും ‘വീര്യം’ കാട്ടുന്നത്. മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല എന്നിവർ പാർടിക്കുള്ളിലും ഗ്രൂപ്പിലും കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. ചെന്നിത്തലയ്‌ക്കെതിരെ യുഡിഎഫിലും കോൺഗ്രസിലും പടയൊരുക്കം ശക്തമാണ്. പ്രതിപക്ഷനേതാവെന്ന നിലയ്‌ക്ക് പ്രകടനം മെച്ചമല്ലെന്ന പരാതി എ ഗ്രൂപ്പിൽനിന്നാണ് ഉയർന്നത്. ഇത് പ്രതിരോധിക്കാൻ ഐ ഗ്രൂപ്പിൽ ശ്രമങ്ങളുണ്ടായില്ലെന്നാണ് ചെന്നിത്തലയുടെ ദുഃഖം. ചെന്നിത്തലയുടെ ശേഷിക്കുറവിൽ മുസ്ലിംലീഗ് അടക്കം ഘടകകക്ഷികളും അതൃപ്‌തിയിലാണ്. ഉമ്മൻചാണ്ടിയെ നേതൃനിരയിലേക്ക് വീണ്ടും അവരോധിക്കാനുള്ള കരുനീക്കത്തിലാണ് എ ഗ്രൂപ്പ് മാനേജർമാർ. പി കെ കുഞ്ഞാലിക്കുട്ടി, എൻ കെ പ്രേമചന്ദ്രൻ എന്നിവരുടെ പിന്തുണ എ ഗ്രൂപ്പിനുണ്ട്. ഉമ്മൻചാണ്ടിയെയും ചെന്നിത്തലയെയും വെട്ടിവീഴ്‌ത്തി യുഡിഎഫിനെ നയിക്കുന്നത് താനാണെന്ന് വരുത്താനുള്ള പൂതിയിലാണ് മുല്ലപ്പള്ളി. കോൺഗ്രസ് അണികളിൽ കാര്യമായ പിൻബലമില്ലാത്തതാണ് മുല്ലപ്പള്ളിയുടെ ദൗർബല്യം. കെപിസിസി പുനഃസംഘടനയിൽ തന്റെ നോമിനികളെ ഉൾപ്പെടുത്താൻ കഴിഞ്ഞെങ്കിലും അവർക്ക് പ്രാപ്‌തിയില്ലെന്ന് മുല്ലപ്പള്ളി തിരിച്ചറിഞ്ഞിട്ടുണ്ട്.
കോവിഡ് പ്രതിരോധനടപടികളെ ആദ്യംമുതൽ എതിർക്കാനാണ് ചെന്നിത്തല ശ്രമിച്ചത്. ആരോഗ്യമന്ത്രിയെ പരിഹസിക്കാനും അമേരിക്കയെയും രാജസ്ഥാൻ സർക്കാരിനെയും മാതൃകയാക്കണമെന്നുമൊക്കെയാണ് ആദ്യഘട്ടത്തിൽ ചെന്നിത്തല വാദിച്ചത്. ഇത് ക്ലച്ച് പിടിക്കാതായപ്പോൾ സാലറി ചലഞ്ചിനെതിരെയായി. ജീവനക്കാരെ ഇളക്കിവിട്ട് പ്രതിരോധ നടപടികൾക്ക് തുരങ്കംവയ്‌ക്കുകയായിരുന്നു തന്ത്രം. മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻചാണ്ടിയും ഈ ഘട്ടത്തിൽ ഒപ്പംചേർന്ന് സംയുക്ത വാർത്താസമ്മേളനം നടത്തിയെങ്കിലും പിന്നീട് മൂവരും മൂന്നുവഴിക്കായി.
ഉമ്മൻചാണ്ടിയെയും മുല്ലപ്പള്ളിയെയും കടത്തിവെട്ടാനാണ് സ്‌പ്രിങ്ക്‌ളർ കരാറിൽ വിവാദത്തിന് തുടക്കമിട്ടത്. 12 ദിവസം വാർത്താസമ്മേളനം നടത്തിയിട്ടും ഒരിക്കലും കോവിഡ് പ്രതിരോധ നടപടികളെ പിന്തുണച്ചില്ല. പിന്നാലെ ഉമ്മൻചാണ്ടിയും മുല്ലപ്പള്ളിയും വെവ്വേറെ വാർത്താസമ്മേളനം നടത്തി. ഇതോടെ രണ്ടാംനിരക്കാരായ വി ഡി സതീശൻ, പി ടി തോമസ്, കെ മുരളീധരൻ, കെ സുധാകരൻ തുടങ്ങിയവർ കളത്തിലിറങ്ങി. എ ഗ്രൂപ്പിൽ പി ടി തോമസും ഐയിൽ വി ഡി സതീശനും രണ്ടാമൻ താനാണെന്ന് തെളിയിക്കാനാണ് ശ്രമം.
22-Apr-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ