വിദേശത്തുള്ള പ്രവാസികളെ കൊണ്ടുവരുന്നത് സംബന്ധിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി. ലോക് ഡൗണിനു ശേഷം ഹർജി പരിഗണിക്കുന്നതാണ് നിലവിലെ സാഹചര്യത്തിൽ ഉചിതമെന്നും ഹൈക്കോടതി വിലയിരുത്തി. ലോക് ഡൗൺ മെയ് 3 ന് തീരുന്ന സാഹചര്യത്തിൽ 5 ന് ഹർജി പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. പ്രവാസികളെ കൊണ്ടുവരാൻ കേന്ദ്രസർക്കാരിനോട് ഇപ്പോൾ നിർദ്ദേശിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
കൊവിഡ് ഭീഷണി മുൻ നിര്‍ത്തി പ്രവാസികൾ കൂട്ടത്തോടെ മടങ്ങി എത്തിയാൽ സംരക്ഷിക്കാൻ കേരളത്തിൽ സംവിധാനമുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. . ചുരുങ്ങിയത് ഒരു ലക്ഷം പേരെങ്കിലും മടങ്ങി എത്തുന്ന സ്ഥിതി ഉണ്ടാകും. അവർക്ക് വേണ്ടി 5000 ഡോക്ടർമാരും 20000 നേഴ്സുമാരും ചുരുങ്ങിയത് വേണ്ടി വരില്ലയെന്നും ഹൈക്കോടതി ചോദിച്ചു. ഗര്‍ഭിണികളുടേയും പ്രായം ചെന്നവരുടേയും കാര്യത്തിൽ ഗൗരവമായ പരിഗണന ആവശ്യമാണെന്നും കോടതി വിലയിരുത്തി .
വിദേശത്ത് കഴിയുന്ന ഇന്ത്യാക്കാരുടെ കാര്യത്തിൽ എന്ത് നടപടിയെടുത്തെന്ന് കേന്ദ്ര സർക്കാർ രേഖാ മൂലം അറിയിക്കണം. വിദേശത്തുള്ളവർ തിരിച്ചെത്തിയാൽ അവരെ നിരീക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ വിശദമായ മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.