സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരും കാസർകോട് ജില്ലക്കാരാണ്. ഇവർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ വിവരങ്ങൾ അറിയിച്ചത്. 15 പേർ രോഗമുക്തി നേടി.
മലപ്പുറത്ത് നാല് മാസം പ്രായമായ കുഞ്ഞ് മരിക്കാനിടയായ സംഭവം അതീവ ദുഖകരമാണ്. ഇതുവരെ 450 പേർക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. അതിൽ 116 പേർ ഇപ്പോൾ ചികിത്സയിലാണ്. 21725 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 21241 പേർ വീടുകളിലും 452 പേർ ആശുപത്രിയിലുമാണ്. 144 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 21941 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 21830 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി
അതിർത്തികളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. കുടകിൽ നിന്ന് കാട്ടിലൂടെ അതിർത്തി കടന്ന എട്ട് പേരെ കൊറോണ കെയർ സെന്ററിലാക്കി. 57 പേര്‍ കുടകിൽ നിന്ന് നടന്ന് അതിർത്തി കടന്നു. ഇത് ഇനിയും സംസ്ഥാന അതിർത്തികളിൽ നടക്കാൻ സാധ്യതയുണ്ട്. അതിനാലാണ് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടത്. അതിർത്തി പങ്കിടുന്ന ജില്ലകളിൽ പരിശോഘനയും ജാഗ്രതയും കര്‍ശനമാക്കും.
ഗൾഫിൽ മരിച്ചവരുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ സഹായിക്കണം എന്നാവശ്യപ്പെട്ട് പ്രധാന മന്ത്രിക്ക് കത്തയച്ചു. ഗൾഫ് രാജ്യങ്ങളിൽ കോവിഡ് രോഗമല്ലാതെ മരിക്കുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ എംബസികൾക്ക് നിർദ്ദേശം നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു. മൃതദേഹം നാട്ടിലെത്തിക്കാൻ തടസം നേരിടുന്നതായി ജിസിസി രാജ്യങ്ങളിൽ നിന്ന് ധാരാളം പരാതി ലഭിച്ചു. അന്താരാഷ്ട്ര വിമാനങ്ങൾ ഇല്ലാത്തത് ഗൾഫ് മലയാളികളെ മാനസിക പ്രയാസത്തിലാക്കിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള അപേക്ഷ പരിഗണിക്കാൻ ഇന്ത്യൻ എംബസികളുടെ ക്ലിയറൻസ് വേണം. ഇവർ ഡൽഹിയിലെ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് എൻഒസി ആവശ്യപ്പെടുന്നു.