ഫെയ്‌സ്‌ബുക്ക് പേജിലൂടെ കഴിഞ്ഞദിവസമാണ് ശബരീനാഥൻ ഓൺലൈൻ ക്യാമ്പയിൻ പ്രഖ്യാപിച്ചത്.
അഡ്മിൻ
ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ ചോർത്തുന്നുവെന്നാരോപിച്ച് സർക്കാരിനെതിരെ പോരാടാൻ പ്രതിപക്ഷം കൂട്ടുപിടിച്ചത് അമേരിക്കൻ കമ്പനിയെ. സർക്കാരിന്റെ കോവിഡ് വിശകലനത്തിനെതിരായ അഭിപ്രായസ്വരൂപീകരണത്തിനായി അരുവിക്കര എംഎൽഎ കെ എസ് ശബരീനാഥൻ തുടങ്ങിയ വെബ്‌ആപ്പ് ആളുകളുടെ വിവരം ചോർത്തുന്നതായി ആക്ഷേപം.
ഫെയ്‌സ്‌ബുക്ക് പേജിലൂടെ കഴിഞ്ഞദിവസമാണ് ശബരീനാഥൻ ഓൺലൈൻ ക്യാമ്പയിൻ പ്രഖ്യാപിച്ചത്. ലിങ്കിലൂടെ സൈറ്റിലേക്ക് എത്തുന്നവർ ഫോട്ടോയും പേരും നൽകണം. ഇതിന്റെ സെർവർ അമേരിക്കൻ നഗരമായ ആഷ്ബേണിലെ ഫാസ്‌റ്റ്‌ലിയാണ്. ഇമേജ് ഒപ്‌റ്റിമൈസേഷൻ രംഗത്തുള്ള ഫാസ്‌റ്റ്‌ലിക്ക് കേരളത്തിലെ ജനങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും വിലപ്പെട്ടതാണ്. ഫോട്ടോ ആവശ്യപ്പെടുന്നത് കമ്പനിയെ സഹായിക്കാനാണെന്നും ആരോപണമുണ്ട്.
വിവരങ്ങൾ ചോരുന്നില്ലെന്ന് ഉറപ്പുനൽകുന്ന പ്രൈവസി പോളിസിയോ ടേംസ് ഓഫ് യൂസോ ഒന്നുമില്ലാത്ത ആപ് വിവാദമായതോടെ സൈറ്റിൽ വിശദീകരണക്കുറിപ്പ് പ്രത്യക്ഷപ്പെട്ടു. എന്നാൽ, ആപ്പിലെ സെർവറിൽനിന്ന് ഒന്നിലേറെ വിവരം ചോർത്താൻ പഴുതുണ്ട്. ഗൂഗിൾ ടാഗ് മാനേജർ (ഐഡി നമ്പർ: യുഎ -164153986-1) സന്ദർശകരുടെ പൂർണവിവരങ്ങൾ ശേഖരിക്കും. ഐപി അഡ്രസ്, സ്ഥലം, ഉപയോഗിക്കുന്ന ബ്രൗസർ, പ്ലഗ്‌ഇൻസ്, സ്‌ക്രീനിന്റെ വലുപ്പം, ഫോൺ സേവനദാതാവ് എന്നിവയെല്ലാം ചോരും. വ്യക്തിയിൽനിന്ന് ഇത്തരം വിവരങ്ങൾ ശേഖരിക്കുന്നുണ്ടെങ്കിൽ പ്രൈവസി പോളിസിയിലൂടെ ഡാറ്റാ സുരക്ഷയും നിയമപരമായ പരിരക്ഷയും ഉറപ്പുനൽകണം. എന്നാൽ, ഒരു മുന്നറിയിപ്പും സമ്മതവുമില്ലാതെയാണ് ശബരീനാഥന്റെ ആപ്പിലൂടെ വ്യക്തിവിവരങ്ങൾ ശേഖരിക്കുന്നത്. ഡാറ്റ ചോർന്നാൽ ഏതു രാജ്യത്തെ നിയമപ്രകാരമാകും കേസെന്നോ വ്യക്തതയില്ല.