കൊല്ലത്ത് ആരോഗ്യപ്രവർത്തകയ്‌ക്കും കോവിഡ്
അഡ്മിൻ
സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം 3, കൊല്ലം 3, കണ്ണൂരിൽ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ഏഴ് പേർ രോഗമുക്തി നേടി. കൊല്ലത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് ആരോഗ്യപ്രവർത്തകയ്ക്കാണ്. കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിൽ രണ്ട് പേർ വീതവും വയനാട്ടിൽ ഒരാൾക്കുമാണ് ഇന്ന് രോഗം ഭേദമായത്. കൊറോണ അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് വിവരങ്ങൾ അറിയിച്ചത്.
കോവിഡ് ബാധിച്ച് അതീവ ഗുരുതരവാസ്ഥയിലായിരുന്ന 84-കാരനായ കൂത്തുപറമ്പ് സ്വദേശി മൂരിയാട് അബൂബക്കർ രോഗമുക്തി നേടിയിട്ടുണ്ട്. ഇതു സംസ്ഥാനത്തിന് ഒരു നേട്ടമാണ്. 60 വയസിന് മുകളിൽ പ്രായമുള്ളവരെല്ലാം ഹൈ റിസ്‌കിലാണ് എന്നിരിക്കെയാണ് വൃക്കരോഗമടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ള അബൂബക്കർ ആരോഗ്യം വീണ്ടെടുത്ത് ജീവിതത്തിലേക്ക് മടങ്ങി എത്തിയത്. ഇതിനായ പ്രയത്നിച്ച ആരോപ്രവർത്തകരെ അഭിനന്ദിക്കുന്നു.
തിരിച്ചുവരുന്ന പ്രവാസികളുടെ സുരക്ഷയ്‌ക്ക് സംസ്ഥാനം കൈക്കൊണ്ട നടപടികൾ കേന്ദ്രത്തെ അറിയിച്ചു. ഇതുവരെ 457 പേർക്കാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്. അതിൽ 114 പേർ ചികിത്സയിലുണ്ട്. 21044 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 464 പേർ ആശുപത്രിയിലാണ്. ഇന്ന് 132 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 22360 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. വയനാട്, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിൽ കൊവിഡ് രോഗികളില്ല. വയനാട്ടിൽ ചികിത്സയിലുണ്ടായിരുന്ന രോഗി ഇന്ന് ആശുപത്രി വിട്ടു.
കേരളത്തിൻ്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കേന്ദ്രം മതിപ്പോടെയാണ് കാണുന്നത്. ഇന്നു കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ കോൺഫറൻസിൽ തിരിച്ചു വരുന്നവർക്കായി കേരളം നടത്തിയ മുന്നൊരുക്കങ്ങൾ വിശദീകരിച്ചിരുന്നു. ഈ ഘട്ടത്തിലാണ് ക്യാബിനറ്റ് സെക്രട്ടറി നമ്മളെ അഭിനന്ദിച്ചത്. കേരളത്തിൻ്റെ ആസൂത്രണം മറ്റു സംസ്ഥാനങ്ങളും മാതൃകയാക്കണം എന്നാണ് ക്യാബിനറ്റ് സെക്രട്ടറി പറഞ്ഞത്.
ദേശീയതലത്തിൽ പൊതുവായി ലോക്ക് ഡൗൺ നിലനിൽക്കുന്നു. ഇതിനിടെ ചില ഇളവുകൾ കേന്ദ്ര അഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് മുൻസിപ്പാലിറ്റികളിലേയും കോർപറേഷനുകളുടേയും പരിധിക്ക് പുറത്ത് ചട്ടപ്രകാരം രജിസ്റ്റർ ചെയ്‌ത എല്ലാ കടകൾക്കും പ്രവർത്തിക്കാം. എന്നാൽ സിംഗിൾ ബ്രാൻഡ്, മൾട്ടി ബ്രാൻഡ് മാളുകൾക്ക് ഇളവ് ബാധകമല്ല. മുൻസിപ്പിൽ കോർപറേഷൻ പരിധിയിലാണെങ്കിലും ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥാപനങ്ങളും തുറക്കാം. തുറക്കുന്ന സ്ഥാപനങ്ങളിൽ അൻപത് ശതമാനം ജീവനക്കാർ മാത്രമേ പാടൂള്ളൂ. സാമൂഹിക അകലം പാലിക്കുകയും എല്ലാവരും മാസ്‌ക് ധരിക്കുകയും വേണം. ഏപ്രിൽ 15-ലെ ഉത്തരവിൽ ഭേദഗതി വരുത്തിയാണ് ഈ ഉത്തരവ്.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്‌തമാണ് കേരളം. ഇവിടെ നഗരവത്കൃതമായ ഗ്രാമങ്ങളാണ്. ഹോട്ട് സ്പോട്ടിന് പുറത്തുള്ള കടകൾ തുറക്കാൻ ഇതോടെ അനുവദിക്കേണ്ടി വരും. ഉത്തരവ് വന്നാൽ ഉടനെ കട തുറക്കാം എന്നു കരുതേണ്ട. കട ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും വേണം. എന്നിട്ട് വേണം കട തുറന്നു പ്രവർത്തിക്കാൻ. അതിന് നമ്മുടെ വ്യാപാരികൾ പ്രത്യേക ശ്രദ്ധ ചെലുത്തണം. ഇതിന് വേണ്ട മാർഗ നിർദേശങ്ങളോട് കൂടിയ ഉത്തരവ് സംസ്ഥാന സർക്കാർ പുറപ്പെടുവിക്കും.
സംസ്ഥാന സർക്കാരിൻ്റെ ആശുപത്രികളിൽ ഇപ്പോൾ തിരക്ക് കൂടി വരികയാണ്. സ്വകാര്യ ആശുപത്രികളിലും തിരക്കേറുകളയാണ്. മുൻനിശ്ചയിച്ച ശസ്ത്രക്രിയകളും ആരംഭിച്ചു. സ്വകാര്യ ആശുപത്രികളിൽ കോവിഡ് ലക്ഷണമുള്ളവർ എത്തിയാൽ അവരെ ചികിത്സിക്കാൻ പ്രത്യേക സൗകര്യം ഒരുക്കണം. ആരോഗ്യവകുപ്പിൻ്റെ നിർദേശങ്ങൾ പാലിച്ചു വേണം ആശുപത്രികൾ പ്രവർത്തിക്കാൻ. എന്നാൽ ചില സ്വകാര്യ ആശുപത്രികളിൽ കോവിഡ് പ്രതിരോധത്തിനുള്ള ചികിത്സ സംവിധാനങ്ങളും ഉപകരണങ്ങളും ഇല്ല എന്ന പരാതി ഉയർന്നിട്ടുണ്ട്.
നമ്മുടെ സംസ്ഥാനത്തേക്ക് അയൽ സംസ്ഥാനങ്ങളിൽ നിന്നും ആളുകളെത്തുന്നതും അതേ തുടർന്നുള്ള പ്രശ്‌നങ്ങളും തുടരുകയാണ്. പാലക്കാടും മറ്റും അത്തരം ചില സംഭവങ്ങൾ ഇന്നലെയും ഉണ്ടായി. ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടങ്ങൾ ഒരു വിട്ടുവീഴ്‌ചയും കാണിക്കരുത്. സുരക്ഷമുൻകരുതലുകൾ ഇല്ലാതെ അതിർത്തി കടക്കുന്നവരെ കണ്ടെത്തി തടയണം. ലോക്ക് ഡൗൺ കൃത്യമായി പാലിച്ചു പോകണം. എന്നാൽ ചിലയിടത്ത് എങ്കിലും ഗുരുതര ലംഘനം ഉണ്ടാകുന്നു.
ഇരിങ്ങാലക്കുടിയിൽ ആളുകൾ കൂട്ടത്തോടെ കുളത്തിൽ കുളിക്കാൻ പോയതായി കേട്ടു. ചിലയിടങ്ങളിൽ ആളുകൾ കൂട്ടമായി മീൻ പിടിക്കുകയും മറ്റു ചെയ്യുന്നതായി അറിഞ്ഞു. പുറത്തിറങ്ങാൻ ആളുകൾ ത്വര കാണിക്കുന്നുണ്ടെന്ന് അറിയാം. എന്നാൽ സാഹചര്യത്തിൻ്റെ ഗൗരവം മനസിലാക്കി അതു തടയണം.
സംസ്ഥാനത്ത് ആയൂർ രക്ഷാ ക്ലിനിക്കുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. വൃദ്ധജനങ്ങൾക്കായി സുഖായുഷ്യം എന്ന പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ട്. രോഗപ്രതിരോധപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഔഷധങ്ങളും സഹായങ്ങളും നൽകാൻ അവർ തയ്യാറാണ്. ഇതോടൊപ്പം ചർച്ച ചെയ്‌ത മേഖലയാണ് സിദ്ധ. തങ്ങളെ ഈ ഘട്ടത്തിൽ പരിഗണിച്ചില്ല എന്ന പരാതി അവർക്കുണ്ട്. ആയുർവേദ- സിദ്ധ വിദഗ്ദ്ദ്ധൻമാരെയാണ് ആദ്യഘട്ടത്തിൽ വിളിച്ചു ചർച്ച ചെയ്തത്. അവരെ ഇനിയും പരിഗണിക്കും ഇക്കാര്യത്തിൽ ആശങ്ക വേണ്ട.
ക്ഷേമനിധികൾ നമ്മുടെ സംസ്ഥാനം നല്ല രീതിയിൽ കൊണ്ടു പോയിട്ടുണ്ട്. എന്നാൽ ഒരു ക്ഷേമനിധിയിലും വരാതെ കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങളും വ്യക്തികളുമുണ്ട്. ഒരു ആനുകൂല്യവും ലഭിക്കാത്ത ബിപിഎൽ കുടുംബങ്ങൾക്ക് ആയിരം രൂപ വീതം വിതരണം. ചെയ്യും അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പൈസ എത്തിക്കുകയാണ് ചെയ്യുക.
കോവിഡ് മാധ്യമമേഖലയേയും ഗുരുതരമായി ബാധിച്ചു. പത്രങ്ങൾ പലതും ഇതിനോടകം പേജുകൾ കുറച്ചു. സാമൂഹത്തിൽ പൊതുപരിപാടികളും വാണിജ്യവും ഇല്ലാത്തതിനാൽ പരസ്യം ലഭിക്കുന്നില്ല എന്ന പ്രതിസന്ധി മാധ്യമങ്ങൾ നേരിടുന്നുണ്ട്. ഫിൽഡിൽ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർക്ക് രോഗഭീഷണിയും ഉണ്ട്. രാജ്യത്തെ പല നഗരങ്ങളിലും മാധ്യമപ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കേരളത്തിലെ മാധ്യമപ്രവർത്തകരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി അവരെ സംരക്ഷിക്കാൻ സർക്കാർ ഇടപെടും. മാധ്യമസ്ഥാപനങ്ങൾ ഈ ഘട്ടത്തിൽ പിരിച്ചു വിടലിനോ ശമ്പളനിഷേധത്തിനോ ശ്രമിക്കരുത്. ആരോഗ്യപ്രവർത്തകരുമായി മാധ്യമപ്രവർത്തകർ തോളോടു തോൾ ചേർന്നു പ്രവർത്തിക്കുകയാണ്. വാർത്താശേഖരണത്തിൽ അവർക്ക് തടസമുണ്ടാവരുതെന്ന് പൊലീസിനെ അറിയിച്ചു.പിആർഡിയിൽ നിന്നും മാധ്യമങ്ങൾക്ക് നൽകേണ്ട കുടിശ്ശിക ഉടൻ നൽകാൻ നിർദേശിച്ചിട്ടുണ്ട്.
ആർസിസിയിൽ ശസ്ത്രക്രിയകൾക്ക് മുൻപ് രോഗികൾക്ക് കൊവിഡ് ടെസ്റ്റ് നടത്തും. ശസ്ത്രക്രിയക്ക് ഇടയിലും ശേഷവും ഉണ്ടാവുന്ന സ്രവങ്ങളിൽ ആരോഗ്യപ്രവർത്തകർ സ്‌പർശിക്കേണ്ടി വരും എന്ന കാര്യം പരിഗണിച്ചാണ് ഇത്. രോഗപ്രതിരോധശേഷി കുറഞ്ഞവർക്ക് കോവിഡ് വന്നാൽ പെട്ടെന്ന് ഗുരുതരമാകുന്ന അവസ്ഥയുണ്ട്. ക്യാൻസർ ശസ്ത്രക്രിയ അധികകാലം മാറ്റിവയ്ക്കാനാവില്ല അതിനാൽ ആർസിസിയിൽ ശസ്ത്രക്രിയകൾ പുനരാരംഭിച്ചിട്ടുണ്ട്. ആർസിസിയിലെ കോവിഡ‍് പരിശോധനാകേന്ദ്രത്തിന് ഐസിഎംആർ അനുമതി കിട്ടും വരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പരിശോധനകൾ തുടരും.
25-Apr-2020
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ