രജിസ്ട്രേഷന് പ്രവാസികൾക്കായി‌ ഹെൽപ്‌ ഡെസ്‌കുകൾ

ജന്മനാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾ നോർക്ക വെബ്‌സൈറ്റിൽ (www.registernorkaroots.org) നൽകേണ്ടത്‌ പ്രാഥമിക വിവരങ്ങൾ മാത്രം. ആദ്യം പാസ്‌പോർട്ടിലെ പേര്‌ നൽകണം. തുടർന്ന്‌ വയസ്സും ജനനത്തീയതിയും മറ്റു വിവരങ്ങളും നൽകിയശേഷം പാസ്‌പോർട്ട്‌ നമ്പർ,  ഇപ്പോൾ ഉള്ള രാജ്യം, കേരളത്തിലെ സ്ഥിര വിലാസം, ജില്ല, പഞ്ചായത്ത്‌/മുനിസിപ്പാലിറ്റി / കോർപറേഷൻ എന്നിവ.  തുടർന്ന്‌ നിലവിലെ വിലാസവും ഇ മെയിലും ഫോൺ നമ്പരും രേഖപ്പെടുത്തണം. ഇത്രയും വിവരങ്ങൾ പൂർണമായി നൽകിയ ശേഷം നെസ്റ്റ്‌ ബട്ടൺ ക്ലിക്ക്‌‌ ചെയ്‌ത്‌ അടുത്ത പേജിലേക്ക്‌ കയറി ബാക്കി വിവരങ്ങൾ നൽകണം. ഈ പേജിൽ വരാൻ ഉദ്ദേശിക്കുന്ന സമയം ഉൾപ്പെടെയുള്ള വിവരങ്ങൾ നൽകി വേണം സബ്‌മിറ്റ്‌ ചെയ്യാൻ. രജിസ്‌ട്രേഷൻ വിമാന ടിക്കറ്റ് ബുക്കിങ്ങിനോ ഇളവിനോ അല്ലെന്നത്‌ പ്രത്യേകം ശ്രദ്ധിക്കണം. തുടർനടപടികൾ കേന്ദ്രസർക്കാരിന്റെ അനുമതിക്ക്‌ അനുസരിച്ചായിരിക്കും.  ആദ്യപരിഗണന ഗർഭിണികൾ , കുട്ടികൾ, വയോജനങ്ങൾ , വിസ നഷ്ടപ്പെട്ടവർ എന്നിങ്ങനെയുള്ളവർക്ക്‌  നൽകണമെന്ന് കേന്ദ്രത്തോട്  ആവശ്യപ്പെട്ടിട്ടുണ്ട്‌.

www.registernorkaroots.org
 

രജിസ്ട്രേഷന് പ്രവാസികൾക്കായി‌ ഹെൽപ്‌ ഡെസ്‌കുകൾ


പ്രവാസികൾ തിരിച്ചെത്തുമ്പോൾ അവർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നോർക്ക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്താൽ ആശയക്കുഴപ്പമില്ലാതെ മുൻഗണനാക്രമം തീരുമാനിക്കാനാകും. ടിക്കറ്റെടുക്കൽ, മുൻഗണനാക്രമം നിശ്ചയിക്കൽ, നോർക്ക രജിസ്ട്രേഷൻ, വിമാനത്താവളത്തിലെ പരിശോധന, ക്വാറന്റൈൻ സൗകര്യം, വീട്ടിൽ  ഒരുക്കേണ്ട സൗകര്യം എന്നീ കാര്യങ്ങളിലെല്ലാം ഹെൽപ് ഡെസ്‌കുകൾ സഹായിക്കും. തൊട്ടടുത്ത വിമാനത്താവളങ്ങളിലേക്കുതന്നെ ടിക്കറ്റെടുക്കണം. കപ്പൽമാർഗമുള്ള യാത്രയ്‌ക്ക്‌ കേന്ദ്രവുമായി ചർച്ചചെയ്യും.

ലേബർ ക്യാമ്പിൽ കഴിയുന്ന തൊഴിലാളികൾ, വിസിറ്റിങ്‌ വീസ കാലാവധി കഴിഞ്ഞവർ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ്‌ രോഗമുള്ളവർ, വീസ കാലാവധി പൂർത്തിയായവർ, കോഴ്സ് പൂർത്തിയാക്കി സ്റ്റുഡന്റ് വീസയിൽ കഴിയുന്ന വിദ്യാർഥികൾ, ജയിൽമോചിതർ എന്നിവർക്ക് മുൻഗണന നൽകും. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ തീരുമാനം നിർണായകമാണ്.

വിമാനത്താവളത്തിൽ സ്വീകരിക്കാൻ സ്വന്തം വാഹനമെത്തുമെങ്കിൽ ഡ്രൈവർ മാത്രമേ പാടുള്ളൂ. യാത്രാവഴിയിൽ ആരെയും സന്ദർശിക്കരുത്‌. രോഗലക്ഷണമുള്ളവരെ പരിശോധിച്ച്‌ കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കും. ലഗേജ് ഭദ്രമായി സൂക്ഷിക്കുമെന്നും ഗൾഫിലെ പ്രവാസി പ്രതിനിധികളുമായുള്ള വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി പറഞ്ഞു.

എം എ യൂസഫലി, രവി പിള്ള, ഡോ. ആസാദ് മൂപ്പൻ, ജോൺസൺ (ഷാർജ), ഷംസുദീൻ, ഒ വി മുസ്തഫ (യുഎഇ), പുത്തൂർ റഹ്‌മാൻ (യുഎഇ), പി മുഹമ്മദലി (ഒമാൻ), സി വി റപ്പായി, പി വി രാധാകൃഷ്ണപിള്ള (ബഹ്റൈൻ), കെ പി എം സാദിഖ്, അഹമ്മദ് പാലയാട്, പി എം നജീബ്, എം എ വാഹിദ് (സൗദി), എൻ അജിത്കുമാർ, ഷർഫുദീൻ, വർഗീസ് പുതുകുളങ്ങര (കുവൈത്ത്), ഡോ. വർഗീസ് കുര്യൻ (ബഹ്റൈൻ), ജെ കെ മേനോൻ (ഖത്തർ), പി എം ജാബിർ  (മസ്കത്ത്), എ കെ പവിത്രൻ (സലാല) എന്നിവർ വീഡിയോ കോൺഫറൻസിൽ സംസാരിച്ചു.

27-Apr-2020