കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദില്‍ കോവിഡിന്റെ പേരില്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു.
അഡ്മിൻ
കോണ്‍ഗ്രസ് ചാനലായ ജയ്ഹിന്ദില്‍ കോവിഡിന്റെ പേരില്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചു. കോവിഡിനെത്തുടര്‍ന്നുള്ള സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയും പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് നടപടിയെന്നാണ് ചാനല്‍ മാനേജിങ് ഡയറക്ടര്‍ എം എം ഹസ്സന് ഇറക്കിയ ഉത്തരവില്‍ പറയുന്നത്.
പതിനായിരം രൂപവരെ ശമ്പളമുള്ളവര്‍ക്ക് 30 ശതമാനവും 15000 രൂപവരെ 35 ശതമാനവും 30000 രൂപവരെ 40 ശതമാനവുമാണ് ശമ്പളം വെട്ടിക്കുറച്ചത്. ഇതിനു മുകളിലുള്ളവര്‍ക്ക് പകുതി ശമ്പളം മാത്രമേ നല്‍കൂ. മറ്റ് തരത്തിലുള്ള എല്ലാ അലവന്‍സുകളും വെട്ടിക്കുറച്ചു. മാര്‍ക്കറ്റിങ് വിഭാഗത്തിനുമാത്രമായി ടിഎ പരിമിതപ്പെടുത്തി മാധ്യമപ്രവര്‍ത്തകരെ പൂര്‍ണമായി അവഗണിച്ചു. പ്രതിസന്ധി മറികടക്കാന്‍ വിശദമായ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സ്വീകരിച്ച ചെലവുചുരുക്കല്‍ നടപടിയാണിതെന്ന് ഹസ്സന് അവകാശപ്പെട്ടു.
ശമ്പളം വെട്ടിക്കുറച്ച തീരുമാനത്തിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധത്തിലാണ്. ഗ്രാഫിക്സ് വിഭാഗത്തിലെ ഒരാള്‍ രാജിക്കത്ത് നല്‍കിയെന്നും ഡെസ്കിലെ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ ദീര്‍ഘകാല അവധിക്ക് അപേക്ഷിച്ചെന്നുമാണ് വിവരം. തീരുമാനത്തില്‍ ഇടപെടാതെ കോണ്‍ഗ്രസ് നേതൃത്വം കൈമലര്‍ത്തുകയാണ്. ജയ്ഹിന്ദ് ചാനലിന്റെ ചുമതലക്കാരനെയടക്കം നിശ്ചയിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഇറക്കിയ സര്‍ക്കുലര്‍ എ, ഐ ഗ്രൂപ്പുകളുടെ സംയുക്ത പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു.
കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിലും മാസങ്ങളായി ശമ്പളം മുടങ്ങിയിരിക്കുകയാണ്. കോവിഡിന്റെ മറവില്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന ചൂഷണങ്ങള്‍ സംബന്ധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ജീവനക്കാരെ പിരിച്ചുവിടുകയോ ശമ്പളം നിഷേധിക്കുകയോ ചെയ്യരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞദിവസം മാധ്യമസ്ഥാപനങ്ങളോട് അഭ്യര്‍ഥിക്കുകയുംചെയ്തു.