250 രൂപ വിലയുള്ള കിറ്റുകള്‍ വാങ്ങിയത് 600 രൂപയ്ക്ക്

കോവിഡ് പരിശോധനയ്ക്കായുള്ള റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ വാങ്ങിയ സംഭവത്തില്‍ വിവാദം ശക്തമാകുന്നു. 245 രൂപ ചൈനീസ് കമ്പനി വിലയിട്ട കിറ്റ് ഐസിഎംആര്‍ വാങ്ങിയത് 600 രൂപയ്ക്കായിരുന്നു എന്ന ആരോപണമാണ് ഉയരുന്നത്.

കിറ്റുകള്‍ വാങ്ങുമ്പോള്‍ ഹെല്‍ത്ത് സര്‍വീസ് ഡയറക്ടറുടെ അനുമതി വാങ്ങിയിരുന്നില്ലെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 60 ശതമാനത്തോളം ഉയര്‍ന്ന വില നല്‍കിയാണ് ഐസിഎംആര്‍ കിറ്റുകള്‍ വാങ്ങിയിട്ടുള്ളത് എന്നാണ് വ്യക്തമാകുന്നത്.

വിഷയത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും തമ്മിലുള്ള ഭിന്നതയും മറനീക്കി പുറത്തുവന്നു. മാര്‍ച്ച് 27നാണ് ഐസിഎംആര്‍ റിയല്‍ മെറ്റാപോളിക്‌സ് എന്ന ഇന്ത്യയിലെ കമ്പനിക്ക്  വോണ്‍ഫോ എന്ന ചൈനീസ് കമ്പനിയില്‍നിന്ന് 5 ലക്ഷം കിറ്റുകള്‍ വാങ്ങുന്നതിനുള്ള കരാര്‍ നല്‍കിയത്.

30 കോടി രൂപയ്ക്കുള്ള ഓര്‍ഡറായിരുന്നു ഇത്. ഒരു കിറ്റിന് 600 രൂപ എന്ന നിലയിലായിരുന്നു ഓര്‍ഡര്‍ നല്‍കിയത്. തുടര്‍ന്ന് ഏപ്രില്‍ 16നാണ് അഞ്ചര ലക്ഷം കിറ്റുകള്‍ വിതരണം ചെയ്തത്. ഒരു കിറ്റിന് 250 രൂപ എന്ന നിലയ്ക്കാണു വാങ്ങിയതെന്ന് റിയല്‍ മെറ്റാപോളിക്‌സ് തന്നെ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു.

 അതേസമയം, വിവിധ സംസ്ഥാനങ്ങള്‍ കിറ്റുകള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും  അതുകൊണ്ടു പെട്ടെന്നു കിറ്റുകള്‍ ഇറക്കുമതി ചെയ്യാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്നുമാണ്‌ ഐസിഎംആര്‍ നല്‍കുന്ന വിശദീകരണം.

27-Apr-2020