മെയ് മൂന്നിനുശേഷം രാജ്യത്തെ അടച്ചുപൂട്ടലില്‍ നിയന്ത്രണങ്ങളോടെ ഇളവ് അനുവദിക്കും. തീവ്രവ്യാപനമില്ലാത്ത സ്ഥലങ്ങളിൽ വ്യാപാര, വാണിജ്യ, നിർമാണ പ്രവർത്തനങ്ങൾ നടത്താം. ഉപാധികളോടെ സ്വകാര്യവാഹനങ്ങൾക്ക് ഓടാം. ട്രെയിന്‍, വിമാനം അടക്കം പൊതുഗതാഗത സംവിധാനം തുറക്കാൻ സമയമായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ വിലയിരുത്തി.
സ്‌കൂളുകളും കോളേജുകളും അടച്ചിടുന്നത് തുടരും. ആരാധനാലയങ്ങളില്‍ പൊതുചടങ്ങ് അനുവദിക്കില്ല. രോഗവ്യാപനം കുറവുള്ള ഓറഞ്ച്, പച്ച മേഖലകളിലാണ് വ്യാപാര, വാണിജ്യ പ്രവർത്തനം അനുവദിക്കുക. ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകളുടെ വേർതിരിക്കൽ കൃത്യമായ മാനദണ്ഡപ്രകാരമാകണം. സമ്പദ്‌ഘടന മികച്ച സ്ഥിതിയിലാണെന്നും ആശങ്കയ്‌ക്ക് വകയില്ലെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.
അടച്ചുപൂട്ടൽ ഒരു മാസംകൂടി തുടരണമെന്ന് ഒഡിഷ ആവശ്യപ്പെട്ടു. മേഘാലയയും ഗോവയും സമാന നിലപാടിലാണ്. ഇളവ് വേണമെന്ന് മറ്റ് സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടു. ആരോഗ്യമേഖലയ്‌ക്ക് കൂടുതൽ സാമ്പത്തികസഹായം നൽകണമെന്നും ആവശ്യമുയര്‍ന്നു. ഒമ്പത് മുഖ്യമന്ത്രിമാർക്കാണ് സംസാരിക്കാൻ അവസരം നല്‍കിയത്. കോവിഡ് വിഷയത്തിൽ മുഖ്യമന്ത്രിമാരുമായി നാലാമത്തെ വീഡിയോ കോൺഫറൻസാണ് പ്രധാനമന്ത്രി നടത്തിയത്.