ഗുജറാത്ത് :മരണത്തിലും രോഗികളുടെ എണ്ണത്തിലും ദേശീയ ശരാശരിക്കും മുന്നിൽ
അഡ്മിൻ
അടച്ചിടൽകൊണ്ടും കോവിഡിനെ പിടിച്ചുകെട്ടാനാകാതെ പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്ത്. മരണത്തിലും രോഗികളുടെ എണ്ണത്തിലും ദേശീയ ശരാശരിക്കും മുന്നിൽ. രോഗികൾ സുഖംപ്രാപിക്കുന്ന നിരക്കിൽ ഏറ്റവും പിന്നിൽ. രോഗം ഭേദമാകുന്ന നിരക്ക് രാജ്യത്ത് 19 ശതമാനം ആണെങ്കിൽ ഗുജറാത്തിൽ 6.3 ശതമാനമാണ്. കേരളത്തിൽ ഇത് 75 ശതമാനത്തിനു മുകളിലാണ്.
ഗുജറാത്തിന്റെ 87.87 ശതമാനം മേഖലയിലും രോഗം വ്യാപിച്ചു. അഹമ്മദാബാദിൽമാത്രം ആയിരത്തിമുന്നൂറിലധികം രോഗികളുണ്ട്. ഈ സ്ഥിതി തുടർന്നാൽ അഹമ്മദാബാദിൽ മെയ് അവസാനത്തോടെ രോഗികൾ എട്ടുലക്ഷമാകുമെന്നാണ് മുന്നറിയിപ്പ്.
കോവിഡ് മുന്നൊരുക്കത്തില്‍ ഗുജറാത്ത് തുടക്കത്തിലേ അലംഭാവത്തിലായിരുന്നു. പ്രത്യേക ആശുപത്രി സജ്ജീകരണമടക്കമുള്ള അടിയന്തര നടപടിയിലേക്ക് കടന്നത് അടച്ചുപൂട്ടലിനുശേഷമാണ്. വെന്റിലേറ്ററുകൾ സജ്ജീകരിച്ചതും ആരോഗ്യപ്രവർത്തകരെ നിയോഗിച്ചതും വളരെ വൈകി.
മോഡി മുഖ്യമന്ത്രിയായ 13 വർഷവും സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയിൽ കാര്യമായ ഇടപെടൽ ഉണ്ടായില്ല. 1000 പേർക്ക് 0.33 ആശുപത്രികിടക്കമാത്രമുള്ള സംസ്ഥാനം. പിന്നിലുള്ളത് ബിഹാർമാത്രം. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖല സ്വകാര്യമേഖലയ്‌ക്ക് വിട്ടുകൊടുത്ത് സർക്കാർ കാഴ്ചക്കാരാകുകയാണ് ഗുജറാത്തിൽ. സാമൂഹ്യസംവിധാനങ്ങൾ മെച്ചപ്പെടുത്താൻ പൊതുധനം വിനിയോഗിക്കുന്നതില്‍ രാജ്യത്ത് പതിനേഴാം സ്ഥാനത്താണ് ഗുജറാത്തെന്ന് റിസര്‍വ്ബാങ്ക് റിപ്പോര്‍ട്ട് പറയുന്നു. സർക്കാർ ആശുപത്രികളിലും സാധാരണക്കാര്‍ക്ക് പണച്ചെലവേറി. പൊതു ആരോഗ്യസംവിധാനത്തെ ഊർജസ്വലമാക്കിയ കേരളം കോവിഡ് പ്രതിരോധത്തിൽ മുന്നേറുമ്പോള്‍ പരസ്യപ്പകിട്ടിൽമാത്രം തിളങ്ങിയിരുന്ന ‘ഗുജറാത്ത് മോഡൽ’ നിറം മങ്ങിയത് അതുകൊണ്ടാണെന്ന് പ്രമുഖ ചരിത്രകാരൻ രാമചന്ദ്ര ഗുഹ ചൂണ്ടിക്കാട്ടിയത് ഈ സാഹചര്യത്തിലാണ്.