ആശങ്ക ഐഎസ്‌ആർഒയിലേക്കും

രാജ്യത്തിന്റെ അഭിമാനവും ലോകത്തിന് മാതൃകയുമായ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ നേട്ടങ്ങളും സ്വകാര്യകുത്തകകളിലേക്ക്‌. സാമ്പത്തിക പാക്കേജിന്റെ മറവിൽ ഐഎസ്‌ആർഒയെയും ദുർബലപ്പെടുത്താനാണ്‌ കേന്ദ്ര സർക്കാരിന്റെ നീക്കം. കേന്ദ്രധനമന്ത്രി നിർമല സീതരാമൻ ശനിയാഴ്‌ച നടത്തിയ പ്രഖ്യാപനം ഐഎസ്‌ആർഒ ശാസ്‌ത്രജ്ഞരടക്കമുള്ളവരെ ഞെട്ടിച്ചു. ഉപഗ്രഹ വിക്ഷേപണമടക്കമുള്ള തന്ത്രപ്രധാനമായ മുഴുവൻ ദൗത്യങ്ങളിലും ഗവേഷണങ്ങളിലും സ്വകാര്യ കമ്പനികൾക്കും കുത്തകൾക്കും അനുമതി നൽകാനാണ്‌ തീരുമാനം.

ഐഎസ്‌ആർഒയുടെ എല്ലാ കേന്ദ്രങ്ങളിലേയും സൗകര്യങ്ങൾ ഇനിമുതൽ സ്വകാര്യ കമ്പനികൾക്കും മറ്റും ഉപയോഗിക്കാം. ബഹിരാകാശ ഗവേഷണത്തിനുള്ള  കേന്ദ്രസർക്കാർ വിഹിതം  കുത്തനെ വെട്ടിക്കുറയ്‌ക്കുമെന്നും ഉറപ്പായി. ഐഎസ്‌ആർഒ ഗവേഷണവും ദൗത്യങ്ങളും നിർണായക വഴിത്തിരിവിൽ നിൽക്കുന്ന ഘട്ടത്തിൽ കേന്ദ്ര തീരുമാനം തുടർപ്രവർത്തനങ്ങളെ ബാധിക്കുമോ എന്ന ആശങ്കയിലാണ്‌ ശാസ്‌ത്രജ്ഞരും സാങ്കേതിക വിദഗ്‌ധരും. ചെലവുകുറഞ്ഞ സാങ്കേതിക

വിദ്യയിലൂടെ ചന്ദ്രനും ചൊവ്വയും കടന്ന്‌ ഗോളാന്തര പര്യവേഷണങ്ങളിലേക്ക്‌ നീങ്ങുകയാണ്‌ ഐഎസ്‌ആർഒ.
അര നൂറ്റാണ്ടിലേറെ നീണ്ട ശാസ്‌ത്രലോകത്തിന്റെ കഠിനാധ്വാനവും സമർപ്പണവും ഇതിന്‌‌ പിന്നിലുണ്ട്‌. 428 ഉപഗ്രഹം ഇതുവരെ വിക്ഷേപിച്ചതിൽ 319ഉം വിദേശ രാജ്യങ്ങളുടേതാണ്‌. വാർത്താവിനിമയത്തിനടക്കമുള്ള തന്ത്രപ്രധാനമായ ഉപഗ്രഹ വിക്ഷേപണങ്ങളിലും ഇവയുടെ ഡാറ്റാ ഉപയോഗത്തിലും പൂർണ സ്വകാര്യപങ്കാളിത്തം നടപ്പാക്കുന്നത്‌ ഏറെ ആശങ്ക ഉയർത്തുന്നു‌. ഇപ്പോൾ ഐഎസ്‌ആർഒയുമായി സഹകരിക്കുന്ന ചെറുകിട ഇടത്തരം വ്യവസായ സംരംഭകരും പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും പുതിയ തീരുമാനത്തോടെ പുറത്താകും. ഇരുപത്‌ കേന്ദ്രത്തിലേയും ആയിരക്കണക്കിന്‌ ജിവനക്കാരും ആശങ്കയിലാണ്‌.

17-May-2020