കോണ്‍ഗ്രസ് നേതാവും കാസര്‍കോട് ജില്ലയിലെ ദേലംപാടി പഞ്ചായത്ത് അംഗവുമായ കൊറഗപ്പ റൈയ്ക്ക് എതിരായ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്തു.

പാസ് ഇല്ലാതെ മുംബൈയില്‍ നിന്നും വന്നയാളെ അതിര്‍ത്തി കടത്തി കേരളത്തിലെത്തിച്ചത് കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസ് നേതാവും കാസര്‍കോട് ജില്ലയിലെ ദേലംപാടി പഞ്ചായത്ത് അംഗവുമായ കൊറഗപ്പ റൈയ്ക്ക് എതിരായ പരാതിയില്‍ ആദൂര്‍ പൊലീസ്  കേസെടുത്തു.

മുംബൈയില്‍ നിന്ന് പാസില്ലാതെ വന്ന ദേലംപാടി മയ്യള സ്വദേശി ജഗന്നാഥ പൂജാരിക്ക് എതിരെയും കേസെടുത്തു. ഇരുവരെയും ഞായറാഴ്ച ഉച്ചയോടെ ക്വറന്റീനില്‍  പ്രവേശിപ്പിച്ചു.ശനിയാഴ്ച പുലര്‍ച്ചെ മുംബൈയില്‍ നിന്ന് പാസില്ലാതെ പുറപ്പെട്ട ജഗന്നാഥ പൂജാരി വൈകിട്ടോടെ കര്‍ണാടകയിലെ സംപാജേ വനം വകുപ്പ് ചെക്ക് പോസ്റ്റിലെത്തി.

പാസ്സ് ഇല്ലാത്തതിനാല്‍ പരിശോധനാ സംഘം യാത്ര തടഞ്ഞു. ഇവിടെ നിന്നാണ് കോണ്‍ഗ്രസ് നേതാവിനെ ബന്ധപ്പെടുന്നത്. രാത്രി പത്തോടെ വാഹനവുമായി സംപാജേയിലെത്തി ജനപ്രതിനിധിയെന്ന രീതിയില്‍ അധികൃതരോട് സംസാരിച്ചു. പതിനൊന്നോടെ സുള്ള്യ വഴി യാത്ര ചെയ്ത് ഞായറാഴ്ച പുലര്‍ച്ചെ ദേലംപാടിയി മയ്യളയിലെത്തി.

കേരളത്തിലെത്തിയ ശേഷം ഇക്കാര്യം ആരോഗ്യവകുപ്പിനെയോ പൊലീസിനെയോ അറിയിക്കാനും പഞ്ചായത്തംഗം തയ്യാറായില്ല. നാട്ടുകാരാണ് ആദൂര്‍ സ്റ്റേഷനില്‍ അറിയിച്ചത്. കോണ്‍ഗ്രസ് നേതാവ് വാഹനത്തിന്റെ ചെലവിന് പുറമെ വന്‍തുക കൈപ്പറ്റിയാണ് മനുഷ്യകടത്തിന് കൂട്ടുനിന്നതെന്ന ആരോപണമുണ്ട്. ഞായറാഴ്ച രാവിലെ പോലീസ് മയ്യളയിലെ വീട്ടിലെത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.

17-May-2020