bevq ആപ്പിന്‌ സർവ്വീസ്‌ ചാർജ്ജ്‌ വാങ്ങുന്നില്ല, ആരോപണം നിഷേധിച്ച്‌ ഫെയർകോഡ്‌

മദ്യവിൽപ്പനയ്ക്കായി ബിവറേജസ്‌ കോർപ്പറേഷനുവേണ്ടി തയ്യാറാക്കിയ ബെവ്‌ ക്യൂ ആപ്പ്‌ നിർമാണത്തിൽ  അഴിമതിയുണ്ടെന്ന വാർത്ത വസ്‌തുതാ വിരുദ്ധമാണെന്ന്‌ ഫെയർകോഡ്‌ ടെക്‌നോളജീസന്റെ ചീഫ്‌ ടെക്നോളജി ഓഫീസർ രജിത്‌ രാമചന്ദ്രൻ. ആരോപണം ഉന്നയിക്കുന്നവർക്ക്‌ എപ്പോൾ വേണമെങ്കിലും വിവരങ്ങൾ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

സൗജന്യമായി ആപ്പ്‌ വികസിപ്പിക്കാനാണ്‌ തീരുമാനിച്ചത്‌. എന്നാൽ സമയ പരിധി കുറവായതിനാൽ കൂടുതൽ സംവിധാനങ്ങൾ ഉപയോഗിക്കേണ്ടി വന്നു. ഇതിനായി 2,84,000 രൂപ മാത്രമാണ്‌ സർക്കാരിൽ നിന്ന്‌ കൈപ്പറ്റിയത്‌. നിർമാണ കമ്പനിക്ക്‌ മുൻപരിചയമില്ലെന്ന വാദം പരിഹാസ്യമാണ്‌. സ്റ്റാർട്ട്‌അപ്പ്‌ കമ്പനികൾക്ക്‌ മുൻപരിചയം വേണമെന്ന്‌ കേട്ടുകേൾവിയില്ലാത്ത കാര്യമാണ്‌. ഒരുവർഷത്തേക്ക്‌ ആപ്പ്‌ പരിപാലിക്കുന്നത്‌ സൗജന്യമായാണ്‌. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ സ്റ്റാർട്ട്‌അപ്പ്‌ മേഖലയിലേക്ക്‌ കടന്നുവരുന്നവരെ പിന്നോട്ടടിപ്പിക്കുമെന്നും രജിത്‌ രാമചന്ദ്രൻ പറഞ്ഞു.

സർക്കാർ നിർദേശപ്രകാരം അഞ്ചുദിവസം കൊണ്ട്‌ ആപ്പിന്റെ നിർമാണം പൂർത്തിയാക്കിയിരുന്നു. ശനിയാഴ്ച രാവിലെ നാലിന്‌ ഗൂഗിൾ പ്ലേസ്റ്റോറിൽ ആപ്പ്‌ അപ്പ്‌ലോഡ്‌ ചെയ്‌തിട്ടുണ്ട്‌. സർക്കാരിന്റെ കത്തോടുകൂടിയാണ്‌ അനുമതി ആവശ്യപ്പെട്ടിട്ടുള്ളത്‌. അനുമതി ലഭിച്ചാലുടനെ ആപ്പ്‌ പുറത്തിറക്കും. ആദ്യഘട്ടത്തിൽ രജിസ്ട്രേഷൻ നടപടികളുണ്ടാകും. പേര്‌, ഫോൺ നമ്പർ, പിൻകോഡ്‌ എന്നിവ ഉപയോഗിച്ച്‌ രജിസ്റ്റർ ചെയ്യാം. സർക്കാർ അനുമതിയായൽ ബുക്കിങ്‌ തുടങ്ങും. ബുക്ക്‌ ചെയ്‌തതിന്റെ അടുത്ത ദിവസം ഔട്ട്‌ലറ്റുകളിൽ നിന്ന്‌ മദ്യം വാങ്ങാം. ഒരു ഔട്ട്‌ലറ്റുകളിൽ നിന്ന്‌ ദിവസേന 450 പേർക്കാണ്‌ വാങ്ങാനാവുക.

സ്റ്റാർട്ട്‌അപ്പ്‌ കമ്പനികളെ പ്രോത്സാഹിപ്പിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ്‌ഫെയർകോഡിന്‌ അനുമതി നൽകിയത്‌. എസ്‌എംഎസ്‌ചാർജ്‌ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ഉപഭോഗക്‌താക്കളിൽ നിന്നു സർവ്വീസ്‌ ചാർജ്‌ വാങ്ങുന്നത്‌ ബീവറേജ്‌ കോർപ്പറേഷനാണ്‌.

23-May-2020