അറസ്റ്റിലാകും മുമ്പ് പാമ്പുകളെ താവളത്തിൽനിന്നു രഹസ്യമായി മാറ്റിയെന്നാണ് സൂചന
അഡ്മിൻ
ഉത്രയുടെ കൊലപാതകത്തിൽ സഹായിയും കേസിൽ രണ്ടാം പ്രതിയുമായ പാമ്പുപിടിത്തക്കാരൻ കല്ലുവാതുക്കൽ സുരേഷ് ഇതിനകം പിടിച്ചത് 800 പാമ്പിനെ. എന്നാൽ, ഈ പാമ്പുകൾ എവിടെയെന്നത് അജ്ഞാതം. പാമ്പിനെ വനം വകുപ്പിനു കൈമാറിയിട്ടില്ല. സൂരജിനൊപ്പം കഴിഞ്ഞ ദിവസം സുരേഷ് അറസ്റ്റിലാകും മുമ്പ് പാമ്പുകളെ താവളത്തിൽനിന്നു രഹസ്യമായി മാറ്റിയെന്നാണ് സൂചന. കുളത്തൂർകോണത്തെ പ്രധാന ബിജെപി പ്രവർത്തകനാണ് പുളവൻ സുരേഷ് എന്ന കല്ലുവാതുക്കൽ സുരേഷ്.
ചാത്തന്നൂർ സ്റ്റാൻഡേർഡ് ജങ്‌ഷനിൽ താമസിച്ചിരുന്ന സുരേഷിന് ടിപ്പറിൽ മണൽ വ്യാപാരമാണ് പ്രധാനജോലി. ഒരു വർഷം മുമ്പാണ് കുളത്തൂർകോണത്ത് എത്തിയത്. മൂന്നു വർഷത്തിനിടയിലാണ് പാമ്പുപിടിത്തം തൊഴിലാക്കുന്നത്. പാമ്പുപിടിത്തത്തിൽ സജീവമായതിനെ തുടർന്ന് പാമ്പിനെ പിടിക്കുന്ന ദൃശ്യങ്ങൾ പകർത്തുകയും യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു. കുപ്പികളിലാക്കിയാണ് പാമ്പുകളെ വീട്ടിൽ സൂക്ഷിച്ചിരുന്നതെന്ന് സമീപവാസികൾ പറഞ്ഞു. അറസ്റ്റ് നടന്ന ദിവസം വീട്ടിൽ നടത്തിയ പരിശോധനയിൽ ഒരു പാമ്പിനെ കണ്ടെടുത്തിരുന്നു. പാമ്പുകളെ വീടുകളിൽ സൂക്ഷിക്കാൻ പാടില്ല എന്ന നിയമം നിലനിൽക്കെയാണ് സുരേഷ് വിഷപ്പാമ്പുകളെ നൽകിയത്. ഇയാൾ അറസ്റ്റിലായതിനെ തുടർന്ന് ബിജെപിയുടെ നവമാധ്യമ ഗ്രൂപ്പുകളിൽനിന്നു സുരേഷ് ഉൾപ്പെട്ട നമോകിറ്റ് വിതരണവുമായി ബന്ധപ്പെട്ട ഫോട്ടോകളും പോസ്റ്റുകളും നീക്കി.