മുഴുവൻ വീടുകളിലും സർക്കാർ സഹായം എത്തി

കോവിഡ്‌ പ്രതിരോധത്തിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ ഇതുവരെ‌ ലഭിച്ചത്‌ 381 കോടി രൂപ. അതേസമയം, അടിയന്തര പ്രവർത്തനങ്ങൾക്കായി അനുവദിച്ചതാകട്ടെ‌ 506.32 കോടിയും. മാർച്ച്‌ 27ന്‌ ആരംഭിച്ച കോവിഡ്‌ ദുരിതാശ്വാസനിധിയിൽ ഇലക്‌ട്രോണിക്‌സ്‌ മാധ്യമങ്ങൾവഴി 23.83 കോടി രൂപയും മറ്റ്‌ മാർഗങ്ങളിലൂടെ 357.19 കോടി രൂപയുമാണ്‌ സംഭാവനയായി ലഭിച്ചത്‌. സൗജന്യറേഷൻ വിതരണം, പ്രവാസികൾക്കുള്ള സാമ്പത്തിക സഹായം, പാവപ്പെട്ട കുടുംബങ്ങൾക്ക്‌ 1000 രൂപ ധനസഹായം എന്നിവയ്ക്കായി ആദ്യഘട്ട വിഹിതം‌ അനുവദിച്ചിരുന്നു.

സൗജന്യറേഷനും പലവ്യഞ്‌ജന കിറ്റ്‌ വിതരണത്തിനുമായി‌ 350 കോടി രൂപ‌ അനുവദിച്ചു‌. പദ്ധതി അടങ്കൽ ഏകദേശം 1000 കോടി വരും. സംസ്ഥാനത്ത്‌ റേഷൻ കാർഡ്‌ ഉടമകൾ 87 ലക്ഷമാണ്‌. മുൻഗണനാവിഭാഗത്തിന്‌ ഏപ്രിലിലെ സൗജന്യറേഷന്‌ സംസ്ഥാനവിഹിതം 130 കോടി രൂപയാണ്‌. 97 ശതമാനം റേഷൻ കാർഡ്‌ ഉടമകളും റേഷൻ വാങ്ങി. മുൻഗണനേതര വിഭാഗങ്ങൾക്ക്‌ സൗജന്യഅരി നൽകുന്നതിന്‌ 105 കോടി രൂപ ചെലവായി.

മെയ്‌, ജൂൺ മാസങ്ങളിൽ 10 കിലോ അരിവീതമാണ്‌ നൽകുന്നത്‌. 756 കോടിയാണ്‌ പലവ്യഞ്‌ജന കിറ്റ്‌ വിതരണത്തിനാവശ്യം. സംസ്ഥാനത്തെ 95 ശതമാനം കുടുംബവും കിറ്റ്‌ കൈപ്പറ്റി. മുൻഗണനേതര വിഭാഗത്തിൽ റേഷൻകാർഡില്ലാത്ത 36,600 കുടുംബത്തിനും അരിയും കിറ്റും ലഭ്യമാക്കി. പ്രവാസി കേരളീയർക്കുള്ള ധനസഹായത്തിന്‌‌ ആദ്യഗഡു 8.5 കോടി നോർക്ക റൂട്ട്‌സിന്‌ അനുവദിച്ചു. ജനുവരി ഒന്നുമുതൽ വിദേശരാജ്യങ്ങളിൽനിന്നുമെത്തി, അടച്ചുപൂട്ടൽമൂലം തിരികെ ജോലിയിൽ പ്രവേശിക്കാനാകാതെവന്ന പ്രവാസികൾക്ക്‌ 5000 രൂപ സഹായം ലഭ്യമാക്കുന്ന പദ്ധതിയിൽ രണ്ടുലക്ഷത്തോളം അപേക്ഷകരുണ്ട്‌. കോവിഡ്‌ ബാധിച്ച്‌ തിരികെ ജോലിയിൽ പ്രവേശിക്കാനാകാതെവന്ന പ്രവാസികൾക്ക്‌ 10,000 രൂപയാണ്‌ സഹായം. 60 അപേക്ഷയിൽ 23 പേർക്ക്‌ പണം കൈമാറി. 

കോവിഡ് സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമപെൻഷനുൾപ്പെടെ ഒരു ധനസഹായവും ലഭിക്കാത്ത ബിപിഎൽ, അന്ത്യോദയ കാർഡ് ഉടമകൾക്ക് 1000 രൂപവീതമാണ്‌ സഹായം. അർഹരുടെ വീടുകളിൽ സഹകരണബാങ്ക് ജീവനക്കാർ തുക എത്തിച്ചുതുടങ്ങി. 14,78,236 കുടുംബങ്ങൾക്ക്‌ അർഹതയുള്ളത്. ഇതിനായി സഹകരണവകുപ്പിന്‌ കൈമാറിയത് 147.82 കോടി രൂപയാണ്‌‌.

 

 

27-May-2020