എസ്എസ്എൽസി, വിഎച്ച്‌എസ്ഇ പരീക്ഷകൾ കനത്ത സുരക്ഷാ മുൻകരുതലുകളോടെ പുനരാരംഭിച്ചു
അഡ്മിൻ
ലോക്ഡൗണിനെത്തുടർന്ന് മാറ്റിവച്ച എസ്എസ്എൽസി, വിഎച്ച്‌എസ്ഇ പരീക്ഷകൾ കനത്ത സുരക്ഷാ മുൻകരുതലുകളോടെ പുനരാരംഭിച്ചു. ചൊവ്വാഴ്‌ച രാവിലെ 9.45ന് നടന്ന വിഎച്ച്‌എസ്‌ഇ പരീക്ഷയ്‌ക്ക് രജിസ്റ്റർചെയ്‌ത 56,345 വിദ്യാർഥികളിൽ 55,794 പേരുമെത്തി (99.02 ശതമാനം). പകൽ 1.45ന് നടന്ന എസ്‌എസ്‌എൽസി പരീക്ഷയിൽ രജിസ്റ്റർ ചെയ്‌ത 4,22,450 കുട്ടികളിൽ 4,22,077 പേര്‍ പരീക്ഷയെഴുതി (99.91 ശതമാനം). പരീക്ഷയ്‌ക്ക് എത്താൻ കഴിയാത്തവര്‍ക്ക് സേ പരീക്ഷയോടൊപ്പം റഗുലറായി എഴുതാം.
ഗേറ്റിനു പുറത്തുതന്നെ സാനിറ്റൈസർ നൽകി. തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധന നടത്തി. നിർദേശങ്ങൾ മൈക്കിലൂടെ അനൗൺസ് ചെയ്തു. കുട്ടികൾ കൂട്ടംകൂടി നിൽക്കാനോ ചേർന്നിരിക്കാനോ അനുവദിച്ചില്ല. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കളെമാത്രം സ്‌കൂളിനകത്ത് പ്രവേശിപ്പിച്ചു. പരീക്ഷയ്ക്കുമുമ്പ് ക്ലാസ് റൂമും പരിസരവും അണുനശീകരണം നടത്തി.
ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെന്റ് വിഷയത്തിലായിരുന്നു വിഎച്ച്‌എസ്‌ഇ പരീക്ഷ. കണക്കായിരുന്നു എസ്‌എസ്‌എൽസിക്ക്. ബുധനാഴ്‌ച എസ്‌എസ്‌എൽസിക്ക് ഫിസിക്സ് പരീക്ഷ നടക്കും. ഹയർ സെക്കൻഡറി പരീക്ഷയുമുണ്ട്.