ഒരാഴ്ച്ചക്കുള്ളിലെ റിട്ടേൺ ടിക്കറ്റോടെ വരുന്നവർക്ക് ക്വാറന്റൈൻ നിർബന്ധമാക്കില്ല

ഗൾഫ് രാജ്യങ്ങളിൽനിന്ന് ചാർട്ടഡ് വിമാനങ്ങളിൽ ആളുകളെ എത്തിക്കുന്നതിൽ ചിലർ അധികം പണം വാങ്ങുന്നുവെന്ന പരാതി ഉയരുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  കേന്ദ്രം നിശ്ചയിച്ചതിൽ അധികം പണം വാങ്ങരുത്. അങ്ങനെ ആളെ കൊണ്ടുവരുമ്പോൾ മുൻഗണനാ വിഭാഗങ്ങൾക്ക് അവസരം നൽകണമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

റിട്ടേൺ ടിക്കറ്റോടെ അത്യാവശ്യത്തിനു വരുന്നവർക്ക് (വിമാനങ്ങളിലടക്കം) ക്വാറന്റൈൻ നിർബന്ധമാക്കില്ല. ഒരാഴ്ചയ്ക്കകം തിരിച്ചുപോകുന്നു എന്ന് ഉറപ്പാക്കണം. ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണം.

സംസ്ഥാനത്തിനകത്ത് ട്രെയിൻ യാത്ര ആകാമെന്നാണ് കാണുന്നത്. തിങ്കളാഴ്ച കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് പുറപ്പെട്ടത് കോഴിക്കോട്ടുനിന്നാണ്. കണ്ണൂരിൽ നിന്ന് ടിക്കറ്റ് റിസർവ് ചെയ്തവരുടെ യാത്ര ഇതു കാരണം മുടങ്ങി. കണ്ണൂരിൽ നിന്ന് ട്രെയിൻ ആരംഭിക്കുന്ന കാര്യം റെയിൽവെയുടെ ശ്രദ്ധയിൽപ്പെടുത്തും.

അതിഥി തൊഴിലാളികൾക്കിടയിൽ പ്രകോപനപരമായ വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തുടരുകയാണ്. അവർ നാട്ടിലേക്ക് പോകുന്നതിന് സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് ഒരു തടസ്സവുമില്ല. സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകാൻ സഹായങ്ങൾ തുടർന്നുമുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു

02-Jun-2020