ഏഴ്‌ ജില്ലകളിൽ മഞ്ഞഅലർട്ട്‌

തെക്ക്‌ പടിഞ്ഞാറൻ കാലവർഷം (ഇടവപ്പാതി) കേരളം തൊട്ടു. അറബിക്കടലിൽ ഗോവക്ക്‌ വടക്ക്‌ പടിഞ്ഞാറായി തീവ്രന്യൂന മർദ്ദം നിലകൊള്ളുന്നതിനാൽ കാലവർഷ തുടക്കം അത്ര ശക്തമല്ലായിരുന്നു. തിരുവനന്തപുരം മുതൽ കോഴിക്കോട്‌ വരെയുള്ള മിക്ക മഴമാപിനികളിലും ഭേദപ്പെട്ട മഴ രേഖപ്പെടുത്തി.

വരും  ദിവസങ്ങളിൽ മഴ കൂടുതൽ ശക്തിപ്രാപിക്കും. മുൻകാലങ്ങളിൽ നിന്ന്‌ വ്യത്യസ്‌തമായി ഒറ്റദിവസം തന്നെ സംസ്ഥാനമാകെ‌ കാലവർഷം വ്യാപിച്ചു. തെക്ക്‌ കിഴക്കൻ അറബിക്കടലിൽ  അനുകൂലഘടകങ്ങൾ നിലനിൽക്കുന്നതിനാലാണിത്‌.  കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യയിൽ സാധാരണ മഴയുടെ 102 ശതമാനം ലഭിക്കുമെന്നാണ്‌ കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ.

കോഴിക്കോട്‌ ചൊവ്വാഴ്‌ച ഓറഞ്ച്‌ അലർട്‌ പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 മില്ലിമീറ്റർവരെ) അതിശക്തമായതോ (115മുതൽ 204.5 മില്ലീമീറ്റർ) ആയ മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ മഞ്ഞഅലർടും പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന്‌ മുന്നറിയിപ്പുണ്ട്‌.

ലക്ഷദ്വീപിനും കർണാടക തീരത്തിനുമിടയിൽ ഉണ്ടായിരുന്ന ന്യൂനമർദ്ദ മേഖല തിങ്കളാഴ്‌ച  തീവ്ര ന്യൂനമർദ്ദമായി മാറി വടക്ക്‌ കിഴക്ക്‌ ദിശയിൽ സഞ്ചരിക്കുകയാണ്‌. ഗോവക്ക്‌ 360 കിലോമീറ്റർ അടുത്തുള്ള ഈ ന്യൂനമർദ്ദം ചൊവ്വാഴ്‌ചയോടെ തീവ്ര ചുഴലിക്കാറ്റായി മാറും. നിസർഗ എന്ന പേരിലുള്ള ചുഴലിക്കാറ്റുമൂലം കർണാടക, ഗോവ, മഹാരാഷ്ര എന്നിവിടങ്ങളിൽ വരും ദിവങ്ങളിൽ കനത്ത മഴ ലഭിക്കും. വടക്ക്‌ പടിഞ്ഞാറ്‌ ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ്‌ ഗുജറാത്ത്‌ തീരത്ത്‌ എത്തുമെന്നാണ്‌ നിഗമനം. മഹാരാഷ്ട്ര, ഗുജറാത്ത്‌ തീരങ്ങൾക്ക്‌ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌. ചുഴലിക്കാറ്റ്‌ കേരളത്തെ ബാധിക്കില്ല.

02-Jun-2020