‘‘ധിമിധിമി പെയ്യുന്നു ചാറി വരുന്നൊരു ചാറ്റൽ മഴ ചറപറ ചറ ചറ പെയ്യുന്നു കുടയുടെ മീതെ ചാറ്റൽ മഴ കലപില കലപില കൂട്ടുന്നു മഴയും കുടയും പൊടിപൂരം’’.
കൽപ്പറ്റക്കടുത്ത കോളിമൂല ആദിവാസി കോളനിയിലെ കൊച്ചുമുറിയിലെ ടി വിയിൽ ടീച്ചർ താളംകൊട്ടി. മുണ്ടേരി ജിവിജിഎച്ച്‌എസ്‌എസിലെ രണ്ടാം ക്ലാസ് വിദ്യാർഥികളായ അജിത്തും രോഹിത്തും മനോജ്ഞയും താളംപിടിച്ച് അതേറ്റുപാടി. കഥപറഞ്ഞും പാട്ടുപാടിയും ടീച്ചർക്കൊപ്പം കുട്ടികളും സഞ്ചരിച്ചു. ടീച്ചറുടെ കഥയിലെ ജഗ്ഗുവിനും താരക്കുമൊപ്പം കുഞ്ഞുങ്ങളും വരയുടെയും അറിവിന്റെയും ലോകത്തേക്ക് പറന്നുയർന്നു. ടീച്ചർ പറഞ്ഞപോലെ വെള്ളക്കടലാസിൽ വളഞ്ഞകാലുള്ള പുള്ളിക്കുട വരച്ചു.
മഴ നനഞ്ഞ് വയൽവരമ്പിലെ വെള്ളം തെറിപ്പിച്ച് കൂട്ടുകാർക്കൊപ്പം കളിച്ചുല്ലസിച്ച് സ്‌കൂളിലേക്ക് പോകുന്ന ആവേശമില്ലെങ്കിലും കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ ഒരുക്കിയ ഓൺലൈൻ പഠനം ആദിവാസിക്കുഞ്ഞുങ്ങൾക്കും പുതിയ അനുഭവമായി. കോളിമൂല കോളനിയിലെ 20 വീടുകളിൽ മിക്കതിലും ടിവിയുണ്ട്. എങ്കിലും ഒരു വീട്ടിലിരുന്ന് ഒരുമിച്ച് കഥ കേൾക്കാനും പഠിക്കാനുമാണ് കുട്ടികൾക്കിഷ്‌ടം. അതിനാൽ എല്ലാവരും രോഹിതിന്റെ വീട്ടിലാണ് ഒത്തുകൂടിയത്.
ഓൺലൈൻ പഠനത്തിന്റെ ആദ്യദിവസം ജില്ലയിൽ ഭൂരിഭാഗം കോളനികളിലും ക്ലാസുകൾ നടന്നു. ആദിവാസി വിഭാഗത്തിൽപ്പെട്ട 28,000 വിദ്യാർഥികളാണ് ജില്ലയിലുള്ളത്. 23 സാമൂഹിക പഠനമുറികളിലും കമ്യൂണിറ്റി ഹാളുകളിലും വിദ്യാർഥികൾക്ക് ഇന്റർനെറ്റ്, ഡിഷ് കണക്‌ഷനുകൾ തയ്യാറാക്കി ക്ലാസ് സജ്ജമാക്കി. എല്ലാ കേന്ദ്രങ്ങളിലും ട്രൈബൽ വകുപ്പ് നിയമിച്ച പരിശീലകന്റെ സേവനമുണ്ട്. അസൗകര്യങ്ങളുള്ള ഇടങ്ങളിൽ ആവശ്യമായ സാമഗ്രികൾ എത്തിക്കാൻ കർമസമിതിയും രൂപീകരിച്ചു. ജൂൺ ഏഴിന് മുമ്പായി അവശേഷിക്കുന്ന വിദ്യാർഥികൾക്കും അടിസ്ഥാന സൗകര്യമൊരുക്കും. എംഎൽഎമാരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് മുഴുവൻ കുട്ടികളെയും ഓൺലൈൻ പഠനത്തിൽ പങ്കാളികളാക്കുമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ പ്രദീപൻ പറഞ്ഞു.
‘ഹൈടെക് പ്രവേശനോത്സവം’ വീടുകളിൽ ആഘോഷമാക്കി കേരളം. കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ തുടക്കം കുറിച്ച ഓൺലൈൻ വിദ്യാഭ്യാസമാതൃക ആദ്യദിനം തന്നെ വിദ്യാർഥികളും രക്ഷിതാക്കളും ഏറ്റെടുത്തു. മുഖ്യമന്ത്രിയുടെ ആശംസാസന്ദേശത്തോടെയാണ് തിങ്കളാഴ്‌ച രാവിലെ 8.30ന് വിക്ടേഴ്‌സ് ചാനൽ വഴിയുള്ള ഓൺലൈൻ സ്കൂൾ വിദ്യാഭ്യാസത്തിന് ‘ഫസ്റ്റ് ബെൽ’ മുഴങ്ങിയത്. മന്ത്രി കെ ടി ജലീലിന്റെ ചരിത്ര ക്ലാസ് തത്സമയം കേട്ട് കോളേജ് വിദ്യാർഥികളും പുതിയ അധ്യയനവർഷത്തിലേക്ക് പ്രവേശിച്ചു.