കേസെടുത്ത് ശിക്ഷ ഉറപ്പ് വരുത്തണമെന്ന് ആഭ്യന്തര വകുപ്പിനോട് അഭ്യർത്ഥിച്ചിട്ടുണ്ട് എന്നും മന്ത്രി

കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ വഴി ക്ലാസുകളെടുത്ത അധ്യാപികമാരെ അവഹേളിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ കെ ശൈലജ  അറിയിച്ചു. കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ ലോകമാകെ സ്തംഭിച്ച് നിൽക്കുമ്പോൾ നമ്മുടെ കുട്ടികളുടെ പഠനം മുങ്ങിപ്പോകാതിരിക്കാൻ ലോകത്തിന് തന്നെ മാതൃകയായ പ്രവർത്തനമാണ് വിദ്യാഭ്യാസ വകുപ്പ് കാഴ്ച്ച വച്ചത്. ഓൺലൈൻ ക്ലാസ് വിദ്യാഭ്യാസ മേഖലയിൽ ഒരു പുതിയ അധ്യായമാണ് എഴുതിച്ചേർത്തത്.

അതിമനോഹരമായും അന്തസുറ്റ നിലവാരത്തിലും ക്ലാസുകൾ കൈകാര്യം ചെയ്ത അധ്യാപകർ സമൂഹത്തിന്റെ വൻതോതിലുള്ള പ്രശംസയ്ക്ക് പാത്രമായിട്ടുണ്ട്. അതിനിടയിൽ സംസ്‌കാരശൂന്യമായ ചിലരാണ് അധ്യാപികമാരെ പരിഹസിക്കാൻ തയ്യാറായത്. അധ്യാപികമാരുടെ ആത്മവിശ്വാസം തകർക്കുന്ന വിധം പെരുമാറിയവർക്കെതിരെ കേസെടുത്ത് ശിക്ഷ ഉറപ്പ് വരുത്തണമെന്ന് ആഭ്യന്തര വകുപ്പിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി കാലത്ത് ക്ലാസുകളെടുക്കുന്ന എല്ലാ അധ്യാപകർക്കും പിന്തുണ അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

03-Jun-2020