കേന്ദ്രം മുടക്കിയ പദ്ധതികൾ സംസ്ഥാനത്തിന്റെ തലയിലേറ്റുന്നു

ശ്രീനാരായണ ഗുരു ഇടനാഴി ടൂറിസം പദ്ധതി ഉപേക്ഷിച്ചതിലെ ഗുരുനിന്ദ മറയ്‌ക്കാൻ കേന്ദ്രമന്ത്രിയടക്കം ബിജെപി നേതാക്കളുടെ കുപ്രചാരണം. 133 പ്രധാന ആരാധനാലയങ്ങളിലെ വിശ്വാസികളെ കൈയിലെടുക്കാൻ നടത്തിയ തട്ടിപ്പും പുറത്തുവന്നതിന്റെ ജാള്യത തീർക്കാനാണ്‌ കള്ളപ്രചാരണം.  മുൻപദ്ധതികൾക്ക്‌ അനുവദിച്ച തുക വിനിയോഗിക്കാത്തതിനാലാണ്‌ പദ്ധതികൾ ഉപേക്ഷിച്ചതെന്നാണ്‌ കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെയും  സംസ്ഥാന ബിജെപി പ്രസിഡന്റിന്റെയും വ്യാജപ്രചാരണം. ടെണ്ടർ രേഖകളടക്കം കൈമാറി വർഷം കഴിഞ്ഞിട്ടും ആദ്യഗഡു പോലും അനുവദിക്കാൻ കേന്ദ്രം തയ്യാറാകാത്ത പദ്ധതികളിലും സംസ്ഥാനത്തെ ആക്ഷേപിക്കാനാണ്‌ ശ്രമം.

ശ്രീനാരായണ ഗുരു ഇടനാഴി ടൂറിസം


വർക്കല ശിവഗിരി മഠവും അനുബന്ധ തീർഥാടന കേന്ദ്രങ്ങളും ഉൾപ്പെടുത്തിയുള്ള പദ്ധതി. അടങ്കൽ 69.47 കോടി രൂപ. 2019 ജനുവരി മൂന്നിന്‌ കേന്ദ്ര സർക്കാർ സ്ഥാപനമായ ഐടിഡിസിയെ നിർവഹണ ചുമതല ഏൽപ്പിച്ചു. ഒന്നും ചെയ്‌തില്ല. ഇപ്പോൾ പദ്ധതി ഉപേക്ഷിച്ചു.

മലനാട്‌ മലബാർ റിവർ ക്രൂയിസ്‌


2019 സെപ്‌തംബർ ആറിന്‌ 80.37 കോടി രൂപ കേന്ദ്രം പ്രഖ്യാപിക്കുന്നു. 2019 ഫെബ്രുവരി 13ന്‌ നടപടി പൂർത്തീകരിച്ച്‌ ആദ്യഗഡുവിന്‌ അപേക്ഷിച്ചു. 23.76 കോടി രൂപ അനുവദിക്കുന്നത്‌ ഒരുവർഷത്തിനുശേഷം ഇക്കഴിഞ്ഞ ഏപ്രിൽ 29ന്‌.

സ്‌പിരിച്വൽ സർക്യൂട്ട്‌

133 ആരാധനാലയങ്ങളുടെ അടിസ്ഥാനസൗകര്യ വികസനപദ്ധതി അനുവദിച്ചത്‌ 2019 ജനുവരി 15ന്‌. അടങ്കൽ 85.22 കോടി. 133 ആരാധാനാലയങ്ങളുടെ വിശദ പദ്ധതിരേഖ തയ്യാറാക്കി, ടെണ്ടർ നടപടി പൂർത്തീകരിച്ച്‌ രേഖകൾ കഴിഞ്ഞ ഫെബ്രുവരി 25ന്‌ കൈമാറി. ഇപ്പോൾ പദ്ധതി ഉപേക്ഷിച്ചു.

സ്വദേശി ദർശൻ സ്‌കീം

പത്തനംതിട്ട–-ഗവി–-വാഗമൺ–-തേക്കടി ഇക്കോ ടൂറിസം ഇടനാഴി വികസനത്തിന്‌ 266.82 കോടിയുടെ ഭരണാനുമതി. 2017 സെപ്‌തംബർ 28ന്‌ പദ്ധതി അടങ്കൽ  76.55 കോടിയാക്കി. 63.93 കോടി രൂപയിൽ പ്രവൃത്തി പൂർത്തീകരിച്ചു. കഴിഞ്ഞ മെയ്‌ 22ന്‌ ധനവിനിയോഗ സാക്ഷിപത്രം കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‌ കൈമാറി. ബാക്കി 2.69 കോടി രൂപ ലഭിക്കണം.

ശ്രീ പത്മനാഭ–-ആറന്മുള–-ശബരിമല തീർഥാടന ഇടനാഴി


രണ്ടു ഘട്ടമായി 184.69 കോടി രൂപ അംഗീകരിച്ചു. പിന്നീട്‌ 87.02 കോടിയാക്കി. അനുവദിച്ചത്‌ 72.42 കോടി . 2019 ജൂൺ ആറിന്‌ 58.76 കോടിയുടെ ധനവിനിയോഗ സാക്ഷ്യപത്രം നൽകി. പത്മനാഭ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രവർത്തികളെല്ലാം അന്തിമഘട്ടത്തിൽ. ശബരിമലയിലെ പദ്ധതി ഘടകങ്ങളുടെ നിർവഹണത്തിന്‌ വനം, പരിസ്ഥിതി അനുമതി വൈകുന്നു.

പ്രസാദ്‌ സ്‌കീം

ഗുരുവായൂർ ക്ഷേത്രവികസന പദ്ധതിയുടെ ഭരണാനുമതി അടങ്കൽ 46.14 കോടി രൂപ. 21.98 കോടി രൂപ ഇതുവരെ ലഭിച്ചു. ഒക്ടോബറിൽ പദ്ധതി പ്രവർത്തനം പൂർത്തിയാകും.

03-Jun-2020