കൂടുതല്‍ എംഎല്‍എമാര്‍ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് വിട്ടേക്കും
അഡ്മിൻ
രാജ്യസഭാതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗുജറാത്തിലെ രണ്ട് കോൺഗ്രസ് എംഎൽഎമാർകൂടി ബിജെപിയില്‍ ചേക്കേറി. കർജൻ എംഎൽഎ അക്ഷയ്‌പട്ടേലും കപ്‌റാഡ എംഎൽഎ ജിത്തുചൗധരിയുമാണ് സ്ഥാനം രാജിവച്ചത്. രാജി സ്വീകരിച്ചതായി സ്‌പീക്കർ രാജേന്ദ്രത്രിവേദി അറിയിച്ചു. കൂടുതല്‍ എംഎല്‍എമാര്‍ വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് വിട്ടേക്കും.
മാർച്ചിൽ അഞ്ച് എംഎൽഎമാർ മറുകണ്ടംചാടിയതോടെ കോണ്‍ഗ്രസിന്റെ സഭയിലെ അംഗബലം 68 ആയിരുന്നു. ഇപ്പോള്‍ 66 ആയി. 19നാണ് ഗുജറാത്തിൽ നാല് രാജ്യസഭാസീറ്റിലേക്ക് തെരഞ്ഞെടുപ്പ്. രണ്ടുസീറ്റ് ജയിക്കാമെന്ന കോൺഗ്രസ് കണക്കുകൂട്ടല്‍ പാളും. 182 അംഗ സഭയിൽ 103 അംഗമുള്ള ബിജെപിക്ക് രണ്ട് സീറ്റ് ഉറപ്പാണ്. മൂന്നാം സീറ്റിനായി മുൻ കോൺഗ്രസ് നേതാവ് നർഹരിഅമീനിനെ ബിജെപി രംഗത്തിറക്കി. ശക്തിസിൻഹ് ഗോഹിലിനേയും ഭരത്‌സിൻഹ് സോളങ്കിയുമാണ് കോണ്‍ഗ്രസിന്റെ പ്രധാന സ്ഥാനാര്‍ഥികള്‍. എൻസിപി അംഗം കന്ദാൽജഡേജ ആർക്ക് വോട്ട് ചെയ്യുമെന്ന് വ്യക്തതയില്ല.