പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറ വെള്ളിയാറിൽ ഗർഭിണിയായ ആന ചരിഞ്ഞ സംഭവത്തിൽ കേരള വിരുദ്ധ, വർഗീയ പ്രചാരണവുമായി സംഘപരിവാർ സംഘടനകൾ. മലപ്പുറത്താണ് ആന കൊല്ലപ്പെട്ടതെന്നും കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മലപ്പുറം മുന്നിലാണെന്നും ട്വീറ്റ് ചെയ്‌ത് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ തന്നെ പ്രചാരണത്തിന് നേതൃത്വം നൽകി. ബിജെപി എംപി മനേക ഗാന്ധിയും കുപ്രചാരണം ഏറ്റെടുത്തു. ഉത്തരേന്ത്യൻ ക്രിക്കറ്റ്, സിനിമാ താരങ്ങളടക്കം നിരവധി പേരാണ് നേതാക്കളുടെ വിഷലിപ്‌ത ട്വീറ്റുകൾ ഷെയർ ചെയ്‌തത്.
കേരളത്തിലെ ചില ബിജെപി നേതാക്കളും ആന ചരിഞ്ഞത് മലപ്പുറത്താണെന്ന വ്യാജവാർത്ത പ്രചരിപ്പിച്ചു. തെറ്റ് മനസ്സിലാക്കിയിട്ടും പാലക്കാട്ടുകാരനായ നേതാവും തിരുത്തിയില്ല. അതിനിടയിൽ ‘ഉമാദേവി’ എന്നാണ് ആനയുടെ പേരെന്നും മുസ്ലിങ്ങൾ കൂടുതലുള്ള സ്ഥലത്താണ് ആനയെ കൊന്നതെന്നുമുള്ള പ്രചാരണവും ഉത്തരേന്ത്യൻ സംഘപരിവാർ പ്രവർത്തകർ ഏറ്റെടുത്തു.
മലപ്പുറത്താണ് ഗർഭിണിയായ ആനയെ കൊന്നതെന്ന കേന്ദ്രപരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കറുടെ നുണയാണ് ബോധപൂർവമായ വർഗീയ പ്രചാരണമായി മാറിയത്. വിവാദമായതോടെ മലപ്പുറം എന്ന വാക്ക് മന്ത്രിയുടെ ട്വീറ്റിൽനിന്ന് നീക്കി. ബിജെപി എംപി മനേക ഗാന്ധി ഒരു പടികൂടി കടന്ന് മലപ്പുറം കുറ്റകൃത്യങ്ങളിലും മുന്നിലാണെന്ന് പ്രഖ്യാപിച്ചു. മലപ്പുറത്ത് റോഡിൽ വിഷം വിതറി നായ്‌ക്കളെയും പക്ഷികളെയും കൊല്ലാറുണ്ട്. കേരളത്തിൽ വർഷം 600 ആനകൾ ചരിയുന്നു. ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിനു കൊണ്ടുപോയും ആനകളെ പീഡിപ്പിക്കുന്നു–- മനേക ഗാന്ധി തുടർന്നു.
മലപ്പുറവും കേരളവും നിയമവാഴ്ചയ്‌ക്ക് പുറത്താണെന്ന പ്രചാരണം നേരത്തേ മുതൽ സംഘപരിവാർ നടത്തുന്നുണ്ട്. കുറ്റിപ്പുറത്ത് ദളിതർക്ക് കുടിവെള്ളം മുട്ടിക്കുന്നുവെന്ന ബിജെപി എംപി ശോഭ കരന്തലജേ പ്രചരിപ്പിച്ചിരുന്നു. ആർഎസ്‌എസ് പ്രസിദ്ധീകരണം ഓർഗനൈസർ മലപ്പുറത്തെ ഗോഹത്യയുടെ കേന്ദ്രമായും മുമ്പ് ചിത്രീകരിച്ചു.
കോവിഡും അടച്ചുപൂട്ടലും കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രം പരാജയപ്പെട്ടെന്ന പരാതി സർവമേഖലയിൽനിന്നും ഉയരുന്നതിനിടെയാണ് കേരളത്തെ ഉന്നമിട്ട് കേന്ദ്രമന്ത്രിതലത്തില്‍ തന്നെ വിദ്വേഷപ്രചാരണം. കൊട്ടിഘോഷിച്ച ഗുജറാത്ത് മാതൃക കോവിഡ് കാലത്ത് തകർന്നടിഞ്ഞതിന്റെ ജാള്യവും കേരളത്തിനെതിരെ നുണപ്രചാരണം ശക്തമാക്കാൻ കാരണമായി. സംഘപരിവാർ നുണപ്രചാരണത്തിനെതിരെ കേരളത്തിൽ വ്യാപകമായ പ്രതിഷേധം ഉയർന്നു.