തമ്മിലടി നീട്ടിക്കൊണ്ടുപോകുന്നത്‌ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കും

കേരള കോൺഗ്രസ്‌ തർക്കത്തിൽ യുഡിഎഫ്‌ പ്രതിസന്ധി മൂർച്ഛിക്കുന്നതിനിടെ ജോസ്‌ കെ മാണി പക്ഷത്തെ ഒഴിവാക്കി മുന്നോട്ടുപോകാൻ കെപിസിസി രാഷ്‌ട്രീയകാര്യ സമിതിയിൽ ധാരണ.

കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം പി ജെ ജോസഫ്‌ വിഭാഗത്തിന്‌ നൽകണമെന്ന മുൻ ധാരണ ജോസ്‌ വിഭാഗം പാലിക്കണമെന്ന്‌  രാഷ്‌ട്രീയകാര്യ സമിതി ആവശ്യപ്പെട്ടു. ഇതിന്‌ ഒരുക്കമല്ലെങ്കിൽ ജോസ്‌ വിഭാഗത്തിന്‌ യുഡിഎഫ്‌ വിടാമെന്ന സൂചനയും കോൺഗ്രസ്‌ നേതാക്കൾ നൽകുന്നു.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സ്ഥാനം ജോസഫിന്‌ നൽകുന്നത്‌ സംബന്ധിച്ച്‌ മുൻധാരണയില്ലെന്ന്‌ ജോസ്‌ വിഭാഗം  ആവർത്തിക്കുന്നതിനിടെയാണ്‌ ജോസഫിന്‌ അനുകൂലമായുള്ള കോൺഗ്രസിന്റെ പരസ്യനീക്കം. പ്രസിഡന്റ്‌ സ്ഥാനം രാജിവയ്‌ക്കില്ലെന്ന നിലപാട്‌ ജോസ്‌ പക്ഷം തുടർന്നാൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ജോസഫിന്റെ തീരുമാനത്തെ കോൺഗ്രസ്‌ പിന്തുണച്ചേക്കും.

കേരള കോൺഗ്രസിലെ ഇരുവിഭാഗവും യോജിച്ച്‌ പോകണമെന്ന്‌ ആവശ്യപ്പെടാനും രാഷ്‌ട്രീയകാര്യ സമിതി തീരുമാനിച്ചിട്ടുണ്ട്‌. തമ്മിലടി നീട്ടിക്കൊണ്ടുപോകുന്നത്‌ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കുമെന്ന്‌ യോഗം വിലയിരുത്തി.

05-Jun-2020