കോവിഡ് ജാ​ഗ്രതയില്‍ കേരളം

ഞായറാഴ്‌ച 107 പേർക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത്‌ രോഗബാധിതര്‍  1914 ആയി. കേരളത്തിന് പുറത്തുനിന്ന്‌ എത്തിയവരിലും ആരോഗ്യപ്രവർത്തകര്‍ക്കും സമ്പർക്കം വഴിയും കോവിഡ്‌ പടരുന്നു‌. മെയ്‌ ഒമ്പതുമുതൽ ജൂൺ ഏഴുവരെ 1412പേര്‍ക്ക് രോ​ഗംസ്ഥിരീകരിച്ചു. ഇതില്‍ വിദേശത്തുനിന്നെത്തിയ 644 പേരും(45.6 ശതമാനം) മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 600 (42.4 ശതമാനം) പേരുമുണ്ട്. കൂടാതെ, 23 ആരോഗ്യ പ്രവർത്തകർക്കും സമ്പർക്കം വഴി 15 പേര്‍ക്കും രോ​ഗംബാധിച്ചു. ജനുവരി മുതൽ ജൂൺ ഏഴുവരെയുള്ള കണക്കനുസരിച്ച്‌ കേരളത്തിന്‌ പുറത്തുനിന്നെത്തിയ 1598 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു.

മെയ്‌ ഏഴിനാണ്‌ വിദേശത്തുനിന്നും വിമാനങ്ങൾ കേരളത്തിലേക്ക്‌ എത്തിത്തുടങ്ങിയത്‌. വിദേശത്ത്‌ നിന്നെത്തിയവരിൽ ആദ്യ കോവിഡ്‌ സ്ഥിരീകരിക്കുന്നത്‌ മെയ്‌ ഒമ്പതിനാണ്‌. മലപ്പുറത്ത്‌ രണ്ടുപേർക്കാണ്‌ ആദ്യം‌ രോഗം‌ സ്ഥിരീകരിച്ചത്‌. മെയ്‌ പത്തിന്‌ മൂന്നുപേർക്കും 11ന്‌ ഒരാൾക്കും രോഗബാധയുണ്ടായി. തുടർന്നുള്ള ദിവസങ്ങളിൽ രോഗികളുടെ എണ്ണം കൂടി. ജൂൺ അഞ്ചിനുമാത്രം വിദേശത്തുനിന്ന്‌ മടങ്ങിയെത്തിയ‌ 50 പേർക്ക്‌ രോഗബാധയുണ്ടായി. ആറിന്‌  64 പേർക്കും ഏഴിന്‌ 71 പേർക്കും കോവിഡ്‌ റിപ്പോർട്ട്‌ ചെയ്‌തു. യുഎഇയിൽ നിന്നെത്തിയവരാണ്‌ രോഗബാധിതരിൽ മുന്നിൽ. കുവൈത്ത്‌, സൗദി, ഖത്തർ, താജിക്കിസ്ഥാൻ, ഒമാൻ എന്നിവിടങ്ങളിൽ നിന്നെത്തിയവർക്കും രോഗം ബാധിച്ചിട്ടുണ്ട്‌‌. ഈ രാജ്യങ്ങളിൽനിന്ന്‌ എത്തിയ 616 പേർക്ക്‌ രോഗം സ്ഥിരീകരിച്ചു‌. ഇറ്റലി, റഷ്യ, സിങ്കപ്പുർ, മലേഷ്യ, മാലദ്വീപ്‌, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയവർക്കും കോവിഡ്‌ റിപ്പോർട്ട്‌ ചെയ്‌തു.

ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയവരിൽ കോവിഡ്‌ സ്ഥിരീകരിച്ചത്‌ കൂടുതലും മഹാരാഷ്ട്രയിൽ നിന്നുള്ളവരിലാണ്‌. തമിഴ്‌നാട്‌, ഡൽഹി, കർണാടക, ഗുജറാത്ത്‌ എന്നീ സംസ്ഥാനങ്ങളാണ്‌ തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്‌. അഞ്ച്‌ സംസ്ഥാനങ്ങളിൽനിന്ന്‌ വന്ന 591 പേർക്ക്‌ രോഗമുണ്ടായി. മധ്യപ്രദേശ്‌, ആന്ധ്ര, തെലങ്കാന, ഉത്തർ പ്രദേശ്‌ എന്നിവിടങ്ങളിൽ നിന്ന്‌ വന്നവരിലും രോഗം സ്ഥിരീകരിച്ചു.

08-Jun-2020