നിയന്ത്രണ മേഖലകൾക്ക് പുറത്ത് കേന്ദ്രം പ്രഖ്യാപിച്ച അൺലോക്ക് ഒന്ന് ഇളവുകൾ തിങ്കളാഴ്‌ച നിലവിൽ വരും. സാമൂഹ്യ അകലം പാലിക്കലടക്കമുള്ള ഉപാധികളോടെ ഷോപ്പിങ് മാൾ, ആരാധനാലയങ്ങൾ, ഭക്ഷണശാലകൾ തുടങ്ങിയവ തുറക്കും. സിനിമാ ഹാളുകൾ, ജിംനേഷ്യം, നീന്തൽക്കുളങ്ങൾ, വിനോദപാർക്കുകൾ, തിയറ്ററുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, അസംബ്ലി ഹാളുകൾ എന്നിവ തുറക്കില്ല. ആളുകൾ വൻതോതിൽ ഒത്തുകൂടുന്ന മത, സാമൂഹിക,- സാംസ്‌കാരിക,- രാഷ്ട്രീയ, അക്കാദമിക് കൂട്ടായ്‌മകളും ചടങ്ങുകളും അനുവദിക്കില്ല. തീവ്രവ്യാപന മേഖലകളിൽ അടച്ചിടൽ 30വരെ തുടരും. തമിഴ്നാട്, പഞ്ചാബ്, മഹാരാഷ്ട്ര, യുപി, തെലങ്കാന സംസ്ഥാനങ്ങൾ 30വരെയും ബംഗാളും മധ്യപ്രദേശും 15വരെയും ഇളവുകളോടെ അടച്ചിടൽ നീട്ടിയിരുന്നു.
മഹാരാഷ്ട്രയിലും ഒഡിഷയിലും രാജസ്ഥാനിലും ആരാധനാലയങ്ങളും മാളുകളും 30 വരെ തുറക്കില്ല. ആരാധനാലയങ്ങൾ തുറക്കേണ്ടതില്ലെന്ന് ജമ്മു–-കശ്‌മീരും തീരുമാനിച്ചു. ഗോവയിൽ തൽക്കാലം ആരാധനാലയങ്ങൾ തുറക്കേണ്ടതില്ലെന്നാണ് വിവിധ മതനേതൃത്വങ്ങളുടെ തീരുമാനം.
ഡൽഹിയിൽ സ്ഥിതി രൂക്ഷമാണെങ്കിലും മാളുകളും ആരാധനാലയങ്ങളും റസ്റ്റോറന്റുകളുമെല്ലാം തുറക്കും. ഒരാഴ്ചത്തേക്ക് അടച്ച സംസ്ഥാന അതിർത്തികളും തുറന്നു. രാമകൃഷ്ണ മിഷൻ ആസ്ഥാനമായ കൊൽക്കത്തയിലെ ബേലൂർ മഠം 15 മുതൽ തുറക്കും. ആന്ധ്രയിലെ തിരുപ്പതിക്ഷേത്രം, മധ്യപ്രദേശിലെ മഹാകാലേശ്വർ ക്ഷേത്രം, പഞ്ചാബിലെ സുവർണക്ഷേത്രം എന്നിവയും തിങ്കളാഴ്‌ച തുറക്കും. പുരി ജഗനാഥ ക്ഷേത്രത്തിൽ ജൂലൈ നാലുവരെ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ഡൽഹി ജമാമസ്ജിദും ഹൈദരാബാദ് മക്കമസ്‌ജിദും തുറക്കും. രാജസ്ഥാനിലെ അജ്‌മീർ ദർഗ അടഞ്ഞുകിടക്കും. ഉത്തരാഖണ്ഡിലെ ചാർധാം തീർഥാടനം പുനരാരംഭിക്കും.