വൈറ്റ്‌ ഹൗസിൽ സുരക്ഷ വർധിപ്പിച്ചു‌

കറുത്ത വംശജനായ ജോർജ്‌ ഫ്‌ളോയിഡിന്റെ കൊലപാതകത്തിലും പൊലീസ്‌ നരനായാട്ടിലും പ്രതിഷേധിച്ച്‌ വാഷിങ്‌ടണിൽ വൻ റാലി. പതിനായിരക്കണക്കിനാളുകളാണ്‌ രാജ്യതലസ്ഥാനത്ത്‌ ഒത്തുകൂടിയത്‌. ഫ്‌ളോയിഡ്‌ മരിച്ചതിന്‌ ശേഷം  വർണവെറിക്കെതിരെ ഇതുവരെ നടന്നതിൽവച്ച്‌ ഏറ്റവും വലിയ റാലിയാണിത്‌. ട്രംപിന്റെ വിമർശകനായ മേയർ മുറീൽ ബൗസറും പങ്കെടുത്തു.

വൈറ്റ്‌ ഹൗസിലേക്ക് ആയിരങ്ങൾ‌ നടത്തിയ മാർച്ച്‌ പൊലീസ്‌ തടഞ്ഞു. തുടർച്ചയായി സമരം നടക്കുന്നതിനാൽ വൈറ്റ്‌ ഹൗസിൽ സുരക്ഷ വർധിപ്പിച്ചു‌. ട്രംപിന്റെ ഗോൾഫ്‌ റിസോർട്ടിനുമുന്നിലും നൂറുകണക്കിനാളുകൾ പ്രതിഷേധിച്ചു.

സാൻഫ്രാൻസിസ്‌കോയിലെ ഗോൾഡൻ ഗേറ്റ്‌ ബ്രിഡ്‌ജിലും ന്യൂയോർക്കിൽ ബ്രുക്ക്‌ലിൻ ബ്രിഡ്‌ജിലും സമരക്കാർ ഒത്തുകൂടി. അറ്റ്‌ലാന്റ, ഫിലാഡെൽഫിയ, ചിക്കാഗോ, ലോസ്‌ ആഞ്ചലസ്‌, സാൻ ഫ്രാൻസിസ്‌കോ, ബോസ്റ്റൺ, മയാമി എന്നിവിടങ്ങളിലും റാലികളുണ്ടായി. ഫ്‌ളോയിഡിന്റെ ജന്മസ്ഥലമായ നോർത്ത്‌ കരോളിനയിലെ റഫോർഡിൽ സംഘടിപ്പിച്ച അനുസ്‌മരണച്ചടങ്ങിൽ നൂറുകണക്കിനാളുകളെത്തി. ചൊവ്വാഴ്ച ഹൂസ്റ്റണിൽ കുടുബാംഗങ്ങളുടെ സാന്നിധ്യത്തിൽ‌ ജോർജ്‌ ഫ്‌ളോയിഡിന്റെ സംസ്‌കാരം നടക്കും. ഫ്‌ളോയിഡ്‌ കൊല്ലപ്പെട്ട്‌ 12 ദിവസത്തിനുശേഷം നാല്‌ ഭൂഖണ്ഡത്തിലായാണ്‌ വംശീയ വിദ്വേഷത്തിനെതിരെയുള്ള പ്രതിഷേധം വ്യാപിച്ചത്‌. 

ജർമനിയിൽ നടന്ന റാലിയിൽ പൊലീസ്‌ പ്രതിഷേധക്കാർക്കുനേരെ കുരുമുളക്‌ സ്‌പ്രേ പ്രയോഗിച്ചു. ബ്രിട്ടനിൽ കോവിഡ്‌ നിയന്ത്രണങ്ങൾ പാലിക്കാതെയുള്ള സമരം രോഗവ്യാപനത്തിന്‌ ഇടയാക്കുമെന്ന്‌ ബ്രിട്ടീഷ്‌ ആരോഗ്യമന്ത്രി നദീൻ ഡോറിസ്‌ പറഞ്ഞു. ശനിയാഴ്ച സെൻട്രൽ ലണ്ടനിൽ നടന്ന പ്രതിഷേധത്തിൽ 14 പൊലീസുകാർക്ക്‌ പരിക്കേറ്റു.

08-Jun-2020