ചെന്നൈയിൽ 3.45 ലക്ഷംപേർക്ക്‌ കോവിഡ്‌ സാധ്യത

രാജ്യത്ത്‌ തുടർച്ചയായി രണ്ടുദിവസം പതിനായിരത്തിൽ കൂടുതൽ കോവിഡ്‌ കേസുകൾ റിപ്പോർട്ടുചെയ്യപ്പെട്ടിട്ടും കേന്ദ്രസർക്കാർ പുറത്തുവിടുന്ന കണക്കുകൾ‌ വ്യത്യസ്‌തം‌. സംസ്ഥാനങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾപ്രകാരം ശനിയാഴ്‌ച 10438 പേർക്കും ഞായറാഴ്‌ച 10864 പേർക്കും കോവിഡ്‌ സ്ഥിരീകരിച്ചു. എന്നാൽ, ശനിയാഴ്‌ച 9971 ഉം ഞായറാഴ്‌ച 9983 ഉം രോഗബാധ മാത്രമാണ്‌ കേന്ദ്രം സ്ഥിരീകരിക്കുന്നത്‌. കഴിഞ്ഞ 24 മണിക്കൂർ കാലയളവിലെ കണക്കെന്ന പേരിലാണ്‌‌ കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിതിവിവര റിപ്പോർട്ട്‌ പുറത്തുവിടുന്നത്‌. എന്നാൽ, ഈ 24 മണിക്കൂർ കാലയളവ്‌ ഏതെന്ന്‌ വ്യക്തമാക്കാറില്ല. പുതിയ രോഗബാധിതരെക്കുറിച്ചോ മരണത്തെക്കുറിച്ചോ പരാമർശമില്ല.

തിങ്കളാഴ്‌ചയും രോഗികളുടെ എണ്ണത്തിൽ വൻ വർധനയുണ്ട്‌. ആകെ രോഗികൾ 2.65 ലക്ഷം കടന്നു. മരണം 7450 ലെത്തി.- 1,24,430 പേർ ഇതുവരെ രോഗമുക്തരായി‌. കഴിഞ്ഞദിവസം 5,137 പേർക്ക് രോഗം ഭേദപ്പെട്ടു. രോഗമുക്തി നിരക്ക് 48.49 ശതമാനം. നിലവിൽ 1,24,981 പേർ ചികിത്സയിലുണ്ട്‌.

ചെന്നൈയിൽ 3,47,380പേർക്ക‌് കോവിഡ‌് ബാധിക്കാൻ സാധ്യതയെന്ന‌് മന്ത്രിസഭാ ഉപസമിതി റിപ്പോർട്ട‌്. മന്ത്രിമാരായ ജയകുമാർ, ആർ പി ഉദയകുമാർ, കെ പി അൻപഴകൻ, കാമരാജ‌്, എം ആർ വിജയഭാസ‌്കർ എന്നിവരടങ്ങിയ ഉപസമതിയുടേതാണ‌് റിപ്പോർട്ട‌്. ചെന്നൈയെ 15 ഡിവിഷനായി തിരിച്ച‌് നടത്തിയ സർവേയിലാണ‌് കണ്ടെത്തൽ.

നഗരത്തിൽ 65 ശതമാനമാണ‌് കോവിഡ‌് രോഗബാധ. പ്രതിരോധ നടപടി  എടുത്തിട്ടും രോഗം വ്യാപിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. തിങ്കളാഴ‌്ച തമിഴ‌്നാട്ടിൽ 1,562 പേർക്കാണ‌് കോവിഡ‌് സ്ഥിരീകരിച്ചത‌്.  ഇതോടെ സംസ്ഥാനത്ത‌് കോവിഡ‌് ബാധിതർ 33, 229 ആയി. തിങ്കളാഴ്‌ച 17പേർ മരിച്ചു. സംസ്ഥാനത്ത‌് മരിച്ചവരുടെ എണ്ണം 286 ആയി. തിങ്കളാഴ‌്ച ചെന്നൈയിൽമാത്രം 1,149പേർക്കാണ്‌ കോവിഡ‌് സ്ഥിരീകരിച്ചത്‌. ഇതോടെ ചെന്നൈയിൽ 23,298 പേരായി രോഗബാധിതർ. 528 പേർ രോഗമുക്തിനേടി.

09-Jun-2020