റിലയൻസ് ഓഹരി മൂല്യത്തിലുണ്ടായ വർധന അരലക്ഷം കോടി

അടച്ചുപൂട്ടൽ കാലത്ത്‌ കമ്പനി നിയമങ്ങളിൽ കേന്ദ്രസർക്കാർ വരുത്തിയ ഇളവുകളുടെ  മുഖ്യനേട്ടം‌  മുകേഷ്‌ അംബാനിയുടെ റിലയൻസ്‌ ഇൻഡസ്‌ട്രീസിന്‌. മെയ്‌ 20 ന്‌ ശേഷം ഒന്നരലക്ഷം കോടിരൂപയുടെ വിദേശനിക്ഷേപമാണ്‌ റിലയൻസ്‌ സ്വീകരിച്ചത്‌. ഇതുവഴി അവരുടെ ഓഹരിമൂല്യത്തിലുണ്ടായ വർധന അരലക്ഷം കോടി. 

ഓഹരി അവകാശവിൽപ്പന നടത്താനുള്ള നടപടിക്രമങ്ങൾ കമ്പനികാര്യ മന്ത്രാലയവും സെബി(സെക്യൂരിറ്റീസ്‌ ആൻഡ്‌ എക്‌സ്‌ചേഞ്ച്‌ ബോർഡ്‌ ഓഫ്‌ ഇന്ത്യ)യും ഇളവ്‌ ചെയ്യുന്നതായി അറിയിച്ചതിനു തൊട്ടുപിന്നാലെയാണ്‌ മെയ്‌ 16നു റിലയൻസ്‌ ഓഹരി അവകാശ കൈമാറ്റം‌ പ്രഖ്യാപിച്ചത്‌. ഓൺലൈൻ, ടെലിവിഷൻ മാധ്യമങ്ങൾ വഴി വിശദാംശങ്ങൾ പരസ്യപ്പെടുത്താൻ മെയ്‌ ആറിന്‌ സെബി അനുമതി നൽകി. മുമ്പ്‌ സ്‌പീഡ്‌ പോസ്‌റ്റ്‌, കൊറിയർ, രജിസ്‌റ്റേർഡ്‌ പോസ്‌റ്റ്‌ വഴി ഓഹരി ഉടമകളെ വിവരങ്ങൾ ധരിപ്പിക്കണമായിരുന്നു. കോവിഡ്‌ അടച്ചുപൂട്ടൽ കാരണമുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ ഒറ്റത്തവണത്തേയ്‌ക്ക്‌ മാത്രമായിരുന്നു ഇളവ്‌.

കമ്പനി കാര്യമന്ത്രാലയം മെയ്‌ 11നു പ്രത്യേക വിജ്ഞാപനം വഴി ഇതിന്‌ സാധുത നൽകി. ഇത്തരത്തിൽ ഓഹരി അവകാശവിൽപ്പന ജൂലൈ 31 വരെ തുടരാമെന്നും ഇതു കമ്പനി നിയമങ്ങളുടെ ലംഘനമാകില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ധനമന്ത്രി നിർമല സീതാരാമൻ മെയ്‌ 17നു ഇതേ ഇളവുകൾ സർക്കാരിന്റെ ആശ്വാസപദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ചു. 

മെയ്‌ 20 നാണ്‌ ഫെയ്‌സ്‌ബുക്ക്‌ അടക്കമുള്ള അമേരിക്കൻ കമ്പനികൾ റിലയൻസ്‌ ജിയോ ഓഹരികൾ വാങ്ങിയത്‌. ഇതിനു തുടർച്ചയായി അബുദാബി, സൗദി അറേബ്യ കമ്പനികളും വാങ്ങി. അമേരിക്കൻകമ്പനികൾ ജിയോ ഓഹരികൾ വാങ്ങുന്നത്‌ തുടരുകയാണ്‌.

09-Jun-2020