കേന്ദ്ര നേതൃത്വം സ്വന്തം നിലയ്‌ക്ക് രാജ്യസഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
അഡ്മിൻ
കർണാടകത്തിൽ ബിജെപി സംസ്ഥാനഘടകത്തിന്റെ പട്ടിക വെട്ടി കേന്ദ്രനേതൃത്വം സ്വന്തം നിലയ്‌ക്ക് രാജ്യസഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന കോർകമ്മിറ്റി കൈമാറിയ പട്ടികയിലെ മൂന്ന് പേരെയും തള്ളിയാണ് ബെലഗാവിയിൽ നിന്ന് ഏറണ്ണ കഡഡിയെയും റായ്‌ച്ചൂരിൽ നിന്നും അശോക്‌ഗസ്‌തിയെയും ബിജെപി ഹൈക്കമാൻഡ് സ്ഥാനാർഥികളാക്കിയത്.
സിറ്റിങ്ങ് എംപി പ്രഭാകർ കോറെ, ഹോട്ടൽ വ്യവസായ പ്രമുഖൻ പ്രകാശ്‌ഷെട്ടി, ഇടഞ്ഞുനിൽക്കുന്ന നേതാവ് ഉമേഷ്‌കട്ടിയുടെ സഹോദരൻ രമേശ്‌കട്ടി എന്നിവരെ സ്ഥാനാർഥികളാക്കാമെന്നാണ് സംസ്ഥാനകോർകമ്മിറ്റി ശുപാർശ ചെയ്‌തിരുന്നത്. താരതമ്യേന അപ്രശസ്‌തരായ ഏറണ്ണകഡഡി, അശോക്‌ഗസ്‌തി എന്നിവരെ മത്സരിപ്പിക്കണമെന്ന കേന്ദ്രനേതൃത്വത്തിന്റെ നിർദേശത്തിൽ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ക്യാമ്പ് കടുത്തഞെട്ടലിലാണ്. നിയമസഭയിലെ അംഗബലം അനുസരിച്ച് ബിജെപിക്ക് രണ്ട് രാജ്യസഭാസീറ്റുകൾ ജയിക്കാൻ സാധ്യതയുണ്ട്. പ്രഭാകർ കോറെയും പ്രകാശ് ഷെട്ടിയും യെദ്യൂരപ്പയുടെ അടുപ്പക്കാരാണ്. സംസ്ഥാനഘടകത്തിന്റെ പട്ടിക കേന്ദ്രനേതൃത്വം വെട്ടിയത് വിമതശല്യം രൂക്ഷമാക്കാൻ ഇടയാക്കുമെന്ന് ചില സംസ്ഥാന നേതാക്കൾ പ്രതികരിച്ചു.