കുടിയേറ്റ തൊഴിലാളികൾക്കെതിരെ ചുമത്തിയ കേസുകൾ പിൻവലിക്കാൻ അതത്‌ സർക്കാരുകൾ തയ്യാറാകണം

കുടിയേറ്റ തൊഴിലാളികളെ 15 ദിവസത്തിനുള്ളിൽ  അതാതിടങ്ങളിലേക്ക്‌ മടക്കി അയക്കണമെന്ന്‌ സുപ്രീം കോടതി.  സ്വമേധയാ എടുത്ത കേസിലാണ്‌  ജസ്‌റ്റിസ്‌ അശോക്‌ ഭൂഷൻ അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്‌. സംസ്‌ഥാനങ്ങൾ ആവശ്യപ്പെട്ടാൽ അപേക്ഷ ലഭിച്ച്‌ 24 മണിക്കൂറിനകം ശ്രമിക്‌ ട്രയിൻ അനുവദിക്കണമെന്നും കോടതി  നിർദ്ദേശിച്ചു. വിലക്കുകൾ ലംഘിച്ച്‌ നാടുകളിലേക്ക്‌ പുറപ്പെട്ട കുടിയേറ്റ തൊഴിലാളികൾക്കെതിരെ  ചുമത്തിയ കേസുകൾ പിൻവലിക്കാൻ അതത്‌ സർക്കാരുകൾ തയ്യാറാകണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു.

 എല്ലാ സംസ്ഥാനങ്ങളിലും അതിഥി തൊഴിലാളികൾക്ക് വേണ്ടി ഹെൽപ് ഡസ്കുകൾ തുറക്കണം. ജോലി ചെയ്ത സംസ്ഥാനത്തേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ എല്ലാ സംസ്ഥാനങ്ങളിലും കൗൺസിലിങ് സെന്ററുകൾ തുറക്കണം. ദുരന്ത നിവാരണ നിയമ പ്രകാരം അതിഥി തൊഴിലാളികൾക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കണം.

എത്ര അതിഥി തൊഴിലാളികൾ ഇപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട് എന്നത് സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും വ്യക്തമായ പട്ടിക തയ്യാറാക്കണം എന്നും കോടതി ഉത്തരവിട്ടു.  തൊഴിലാളികളുടെ മടക്കയാത്ര 15 ദിവസത്തിനുള്ളിൽ പൂര്‍ത്തിയാക്കണമെന്ന് കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. തൊഴിലാളികൾക്ക് സൗജന്യ യാത്രയും ഭക്ഷണവും താമസവും ഉറപ്പാക്കാണമെന്ന നിര്‍ദ്ദേശവും നൽകിയിരുന്നു.

09-Jun-2020