രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2.75 ലക്ഷം കടന്നു. മരണം 7700 കടന്നു. 24 മണിക്കൂറില്‍ 336 മരണം, 9,987 പേർക്ക് രോഗം. 4785 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയിൽ ചൊവ്വാഴ്‌ച 120 മരണം. 2259 രോഗികള്‍. ആകെ മരണം 3289. രോഗികള്‍ 90,787. മുംബൈയിൽ മാത്രം 1760 മരണവും 51,100 രോഗികളും. തമിഴ്‌നാട്ടിൽ ചൊവ്വാഴ്‌ച പ്രതിദിന രോഗികള്‍ 1685 പേർ. 21 മരണംകൂടി. ചെന്നൈയിൽ മാത്രം 1243 പുതിയ രോഗികള്‍. ആകെ രോഗികള്‍ 34914. യുപിയിൽ ചൊവ്വാഴ്‌ച 18മരണം. 388 രോഗികൾ. ആകെ രോഗികൾ 11000 . മരണം മുന്നൂറിലേറെ. ഗുജറാത്തിൽ 33 മരണം. 470 രോഗികള്‍. ബംഗാളിൽ 372 പുതിയ രോഗികളും പത്തുമരണവും.
അതേസമയം കോവിഡ് വ്യാപനം തീവ്രമായ ഡല്‍ഹിയില്‍ 50 ശതമാനം രോഗികളുടെയും അണുബാധയുടെ ഉറവിടം കണ്ടെത്താനായില്ല. സമൂഹവ്യാപനം സംഭവിച്ചെന്ന ആശങ്ക ബലപ്പെടുത്തുന്ന വസ്തുത പുറത്തുവന്നിട്ടും കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചില്ല. രോഗ ഉറവിടം എവിടെ നിന്നാണെന്ന് കണ്ടെത്താനാകാത്ത, സമൂഹവ്യാപനത്തെ നിർവചിക്കുന്ന സാഹചര്യം ഡൽഹിയിൽ സംഭവിച്ചതായി സംസ്ഥാന ആരോഗ്യമന്ത്രി സത്യേന്ദ്ര ജയിൻ പറഞ്ഞു. സമൂഹവ്യാപനം പ്രഖ്യാപിക്കേണ്ടത് കേന്ദ്രമാണ്. പത്തു ദിവസത്തിനുള്ളിൽ ഡല്‍ഹിയില്‍ രോഗികള്‍ 50,000 കടക്കുമെന്നും ജയിൻ പറഞ്ഞു.
സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ലഫ്. ഗവർണർ അനിൽ ബൈജാലിന്റെ അധ്യക്ഷതയില്‍ ഡൽഹി ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ സമൂഹവ്യാപനം ഇല്ലെന്ന വാദമാണ് കേന്ദ്ര ഉദ്യോഗസ്ഥര്‍ ഉയര്‍ത്തിയതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഡൽഹിയിൽ ജൂലൈ അവസാനത്തോടെ കോവിഡ് രോഗികൾ അഞ്ചര ലക്ഷം കടക്കും. 80,000 കിടക്ക കൂടി വേണ്ടി വരും. ഇത് മുന്നില്‍ക്കണ്ടാണ് ചികിത്സ ഡൽഹിക്കാർക്കു മാത്രമാക്കി പരിമിതപ്പെടുത്തിയത്. ഈ ഉത്തരവ് തിരുത്തിയ നടപടി പിൻവലിക്കാൻ ലഫ്. ഗവർണർ തയ്യാറായില്ലെന്ന് സിസോദിയ പറഞ്ഞു.