വീടുകൾക്ക്‌ നാലു ലക്ഷംവരെ നൽകി

019ലെ പ്രളയത്തിൽ ദുരിതത്തിലായവർക്ക് യുദ്ധകാലാടിസ്ഥാനത്തിൽ‌  സഹായമെത്തിച്ച്‌ സംസ്ഥാനസർക്കാർ. ഒമ്പതുമാസത്തിനുള്ളിൽ 648.98 കോടിരൂപയാണ്‌ ഇതിനായി ചെലവാക്കിയത്‌. തകർന്ന വീടുകളുടെ നിർമാണത്തിന്‌ 268.88 കോടിയും ബന്ധുവീടുകളിലേക്ക്‌ മാറി താമസിച്ചവർക്ക്‌  208.74 കോടിയും നൽകി. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞവർക്ക്‌ 143.64 കോടി നൽകി. മലപ്പുറം കവളപ്പാറയിൽ ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്‌ടപ്പെട്ട 462 കുടുംബങ്ങൾക്ക്‌ സ്ഥലം വാങ്ങാൻ 27.72 കോടി അനുവദിച്ചു. 

സാങ്കേതിക തടസ്സം‌മൂലം‌ സഹായം ലഭിക്കാതെ പോയവർക്കുള്ള പണം ട്രഷറിയിൽ നിക്ഷേപിച്ചു‌. ഇവരുടെ പ്രശ്‌നപരിഹാരത്തിന്‌ കാൾസെന്റർ തുടങ്ങി. ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറി താമസിച്ചവർക്ക്‌ 10,000 വീടുകൾക്ക്‌ നാശത്തിന്റെ തോതനുസരിച്ച്‌ നാലു ലക്ഷംരൂപമുതൽ 10,000 രൂപവരെയാണ്‌ ധനസഹായം. ഇടനിലക്കാരില്ലാതെ ട്രഷറിവഴി ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ പണം നേരിട്ട്‌ നിക്ഷേപിക്കുകയാണ്‌.

ദുരന്തത്തിനിരയായവർക്ക്‌‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽനിന്നും യുദ്ധകാലാടിസ്ഥാനത്തിലാണ്‌ സർക്കാർ സഹായമെത്തിച്ചത്‌. ക്യാമ്പുകളിലേക്ക്‌ മാറി താമസിച്ച‌ 1,44,207 പേരിൽ 1,43,642 പേർക്ക്‌ 10,000 രൂപവീതം നൽകി. ബന്ധുവീടുകളിലേക്കു മാറി താമസിച്ച 208747 പേർക്കും 10,000 രൂപ നൽകി‌. 729 പേർക്കുമാത്രമാണ് ഈ വിഭാഗത്തിൽ സഹായം ലഭിക്കാനുള്ളത്‌. 62,434 വീടാണ്‌ 2019ലെ പേമാരിയിലും ഉരുൾപൊട്ടലിലും തകർന്നത്‌. ഇതിൽ 3482 വീടാണ്‌ പൂർണമായും തകർന്നത്‌. 61,418 വീടിന്‌ സഹായമായി‌ 268.88 കോടിരൂപ നൽകി.1016 വീടിന്‌ സഹായമെത്തിക്കലും അവസാനഘട്ടത്തിലാണ്‌.

വീടുകൾ തകർന്നവർക്ക്‌ നാശത്തിന്റെ തോതനുസരിച്ച്‌ അഞ്ച്‌ വിഭാഗങ്ങളാക്കിയാണ്‌  സഹായം.  74 ശതമാനത്തിന്‌  മുകളിൽ നാശം–- നാല്‌ ലക്ഷംരൂപ‌.   60–-74 ശതമാനം  നാശം–-‌  2.5 ലക്ഷംരൂപ.  30–-59 ശതമാനം നാശം–-‌ 1.25 ലക്ഷംരൂപ.  16–-29 ശതമാനം  നാശം–- 60,000 രൂപ‌. 15 ശതമാനത്തിൽ താഴെ  നാശം –-‌ 10,000 രൂപ.

11-Jun-2020